ആലപ്പുഴ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ. പുലർച്ചെ നാലര മണിക്ക് നിർമാല്യ ദർശനത്തോടൊയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാല അർപ്പിക്കാനായി അമ്മയുടെ തിരുസന്നിധിയിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഭാര്യ രാധിക സുരേഷും മകൻ ഗോകുൽ സുരേഷും ചേർന്നാണ് പൊങ്കാല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്.
കൈയ്യിൽ പൂജാദ്രവ്യങ്ങളും നാവിൽ ദേവി സ്തുതികളുമായി അംഗനമാർ അണിമുറിയാതെ എത്തിയപ്പോൾ ചക്കുളത്തുകാവും പരിസര പ്രദേശങ്ങളും യാഗഭൂമിയായി മാറി. വിളിച്ചുചൊല്ലി പ്രാർത്ഥനയ്‌ക്ക് ശേഷം ശ്രീകോവിലിന്റെ കെടാവിളക്കിൽ നിന്ന് മുഖ്യകാരദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമായി. പത്തരയോടെയാണ് പണ്ടാരയടുപ്പിൽ തീ പകർന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് പൊങ്കാലയിടാനെത്തിയത്.
പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ തുടങ്ങിയിരുന്നു. ദർശനത്തിനും ധാരാളം ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. പൊങ്കാലയർപ്പിക്കാനെത്തിയവരുടെ നിര ക്ഷേത്രത്തിന് ചുറ്റും 70 കിലോമീറ്ററുകളോളം നീണ്ടു. റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് പൊങ്കാല അടുപ്പുകൾ ക്രമീകരിച്ചിരുന്നത്.
രാവിലെ പ്രദേശത്ത് ചാറ്റൽ മഴയുണ്ടായിരുന്നു. ഇത് ഭക്തരെ ആശങ്കപ്പെടുത്തിയെങ്കിലും പണ്ടാരയടുപ്പിൽ തീ പകരുന്ന സമയം മഴ നിന്നിരുന്നു. ക്ഷേത്രത്തിലേക്കുള്ള പാതകളിലെല്ലാം പൊങ്കാലയ്‌ക്ക് വേണ്ടി ഭക്തർ നിറഞ്ഞിരുന്നു. രോഗനിവാരണം, മംഗല്യ ഭാഗ്യം, സന്താന കുടുംബ ഐശ്വര്യം, ഉദ്യോഗാദിസമൃദ്ധി എന്നിവ മനസിൽ പ്രാർത്ഥിച്ചാണ് ഭക്തർ ചക്കുളത്തമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്നത്.
തുരുവല്ല -തകഴി, ചങ്ങനാശേരി- ചെങ്ങന്നൂർ- പന്തളം, മാന്നാർ- മാവേലിക്കര, മുട്ടാർ-കിടങ്ങറാ, വീയപുരം-ഹരിപ്പാട് എന്നീ പ്രധാന ബസ് റൂട്ടിലും ഇടവഴികളിലും പൊങ്കാല അർപ്പിക്കാനായി ഭക്തർ നേരത്തെ തന്നെ ഇടംപിടിച്ചിരുന്നു.