മീററ്റ്: പ്രസവശേഷം വാർഡിലേക്ക് മടങ്ങിയ യുവതി ആശുപത്രിയുടെ ലിഫ്റ്റ് തകർന്നു മരിച്ചു. ഉത്തർപ്രദേശിലെ മീററ്റിൽ വെള്ളിയാഴ്ചയാണ് സംഭവം. ലോഹിയ നഗറിലെ ക്യാപിറ്റൽ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ കരിഷ്മയാണ് മരിച്ചത്. പ്രസവശേഷം യുവതിയെ വാർഡിലേക്ക് മാറ്റാനായി കൊണ്ടുപോകുമ്പോഴാണ് ലിഫ്റ്റ് തകർന്നത്. തലയ്ക്കും കഴുത്തിനുമേറ്റ ഗുരുതരമായ പരിക്കുകളെ തുടർന്നാണ് കരിഷ്മ മരിച്ചത്.
ലിഫ്റ്റിന്റെ കേബിൾ തകർന്നാണ് അപകടം. ഒപ്പം ലിഫ്റ്റിലുണ്ടാരുന്ന ആശുപത്രി ജീവനക്കാർക്കും പരുക്കേറ്റു. അപകടമുണ്ടായി 45 മിനിറ്റിന് ശേഷം ലിഫ്റ്റിന്റെ വാതിൽ തകർത്താണ് ഇവരെ പുറത്തെടുത്തത്. യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കരിഷ്മയുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധം നടത്തി.