നടുറോഡിൽ സിപിഎം ഏരിയ സമ്മേളനത്തിന് സ്‌റ്റേജ്; കേസെടുത്ത് പൊലീസ്; നടപടി കോടതി ഇടപെടൽ ഭയന്ന്

0

തിരുവനന്തപുരം; നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയ സമ്മേളനത്തിന് സ്റ്റേജ് കെട്ടിപ്പൊക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. സിപിഎം പാളയം ഏരിയ സമ്മേളനത്തിനായി വഞ്ചിയൂരിലാണ് നടുറോഡിൽ സ്‌റ്റേജ് കെട്ടിപ്പൊക്കിയത്. ഇതിനെതിരെ പൊതുസമൂഹത്തിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിൽ സ്റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച എംവി ഗോവിന്ദൻ ഇത് റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾ ഇടതുവിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്തുവന്നത്. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച രാത്രി മുതൽ റോഡിൽ സ്‌റ്റേജ് നിർമാണം ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ ത്രിവേണി – വഞ്ചിയൂർ റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. റോഡിന്റെ ഒരു വശത്ത് കൂടി മാത്രമാണ് ഇരുഭാഗത്തേക്കുമുളള വാഹനങ്ങൾ സഞ്ചരിച്ചത്. സ്‌കൂളുകളും ജനറൽ ആശുപത്രിയും കോടതിയും വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സിപിഎം അധികാരധാർഷ്ട്യം കാട്ടിയത്.

വൈകിട്ട് വലിയ ഗതാഗതക്കുരുക്കായിരുന്നു ഇവിടെ ഉണ്ടായത്. സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളുമായി മടങ്ങിയ വാഹനങ്ങൾ ഉൾപ്പെടെ ഏറെ നേരം ഇവിടെ കുടുങ്ങി. എന്നാൽ സ്റ്റേജ് അഴിപ്പിക്കാൻ നിർദ്ദേശം നൽകുന്നതിന് പകരം ഗതാഗതം നിയന്ത്രിക്കാനായിരുന്നു പൊലീസ് ശ്രമം. സംഘർഷം ഒഴിവാക്കാനാണ് പരിപാടി തടയാതിരുന്നതെന്നാണ് പൊലീസിന്റെ നിലപാട്. ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ പരിപാടി നടത്തുന്നതിനെ പൊതുജനവും വിമർശിച്ചിരുന്നു.

റോഡ് ഗതാഗതം തടസപ്പെടുത്തിയുളള പരിപാടികൾ പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് സിപിഎം ധാർഷ്ട്യം. നടപടിയെടുത്തില്ലെങ്കിൽ കോടതി ഇടപെടലിനുളള സാദ്ധ്യത മുന്നിൽ കണ്ടാണ് പരിപാടി കഴിഞ്ഞതിന് ശേഷം പൊലീസ് കേസെടുത്തത്. സമ്മേളനത്തിന് ശേഷം കെപിഎസിയുടെ നാടകവും ഈ വേദിയിൽ നടന്നു.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനെതിരെ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്നപരിപാടിയിലും സിപിഎം റോഡ് ബ്ലോക്ക് ചെയ്തത് വിവാദമായിരുന്നു.

Leave a Reply