ന്യൂയോര്‍ക്ക്: യുഎസില്‍ ജീവിക്കുകയും തന്റെ കുട്ടികളെ ഇവിടെ വളര്‍ത്തുകയും ചെയ്യുന്നത് താന്‍ ആസ്വദിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍. ഇത് തന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇങ്ങനെ ജീവിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇത് തന്റെ അമ്മ തനിക്കായി ആഗ്രഹിച്ച ജീവിതമാണെന്നും ഹാരി രാജകുമാരന്‍ പറഞ്ഞു. ബുധനാഴ്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ഡീല്‍ബുക്ക് ഉച്ചകോടിയില്‍ സസെക്‌സ് ആന്‍ഡ്രൂ സോറോക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
43 കാരനായ ഹാരിയും മേഗനും 2020 ജനുവരിയില്‍ സീനിയര്‍ വര്‍ക്കിംഗ് റോയല്‍സ് എന്ന പദവിയില്‍ നിന്ന് മാറുന്നതായി പ്രഖ്യാപിച്ചതിന് ശേഷമാണ് അമേരിക്കയിലേക്ക് താമസം മാറിയത്. മോണ്ടെസിറ്റോ വീട്ടിലേക്ക് മാറുന്നതിന് മുമ്പ് ഇവര്‍ ആദ്യം ടൈലര്‍ പെറിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 2018 ല്‍ വിവാഹിതരായ ഹാരിയും മേഗനും മക്കളായ മകന്‍ ആര്‍ച്ചി (5), മകള്‍ ലിലിബെറ്റ് (3) എന്നിവരോടൊപ്പം നിലവില്‍ കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്.
യുകെയില്‍ ഉണ്ടായിരുന്ന സമത്തെ സുരക്ഷയില്ലായ്മയെപ്പറ്റിയും ഹാരി ചര്‍ച്ച ചെയ്തു. തനിക്ക് ഒരിക്കലും സുരക്ഷ നീക്കം ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍, തന്റെ പ്രധാന ലക്ഷ്യം മികച്ച അച്ഛനും ഏറ്റവും നല്ല ഭര്‍ത്താവും ആകുക എന്നതാണെന്ന് ഹാരി പറഞ്ഞു. അതിന് തനിക്ക് സാധിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം താന്‍ ജീവിക്കുന്ന മൂല്യങ്ങളും തത്വങ്ങളും കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം മാറാന്‍ തുടങ്ങുമ്പോള്‍ മൂല്യങ്ങളും തത്വങ്ങളും ഉള്ള ആളുകള്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടാണ്. പക്ഷേ, താന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന കാര്യം, തന്റെ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ആളെന്നതാണ്- ഹാരി വ്യക്തമാക്കി.