ന്യൂഡല്‍ഹി: പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ സംവിധാനം 2014 മുതൽ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ആശയമാണ്.
അടിക്കടി തിരഞ്ഞെടുപ്പു വരുന്നത് രാജ്യപുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സർക്കാർ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു.
മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി.) കൈമാറിയേക്കുമെന്നാണ് സൂചന. മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജെപിസി ചർച്ച നടത്തും.