എറണാകുളം: ശബരിമല അതിഥി മന്ദിരങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ ദിവസം ആരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഡോണർ മുറിയിൽ ആരും അനധികൃതമായി താമസിക്കുന്നില്ലെന്ന കാര്യം ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.
പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ സുനിൽ കുമാർ മണ്ഡലകാലത്തും മാസ പൂജയ്‌ക്കും നട തുറക്കുന്ന ദിവസം ശബരിമലയിൽ താമസിക്കുന്നുണ്ടെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. പത്ത് വർഷമായി മുറി കൈവശം വച്ചത് നിയമപരമായി അനുവദിക്കാനാകില്ല. ശ്രീകോവിലിന് മുന്നിൽ ദർശനത്തിന് പ്രത്യേക പരിഗണന നൽകുന്നതും അവസാനിപ്പിക്കണം. ഇയാളുടെ ദർശനം വെർച്ച്വൽ ക്യൂ മുഖേനയാകണമെന്നും ദേവസ്വം ബഞ്ച് ഉത്തരവിട്ടു. പ്രത്യേക പരിഗണന ഒരു ഭക്തനുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
നട തുറക്കുന്ന ദിവസങ്ങളിൽ സുനിൽ കുമാർ ശബരിമലയിൽ താമസിക്കുകയും ശ്രീകോവിലിന് തൊട്ടുമുന്നിൽ നിന്ന് എല്ലാ ദിവസവും തൊഴുകയും ചെയ്യാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്രത്തിലേക്ക് പൂജാ സാധനങ്ങൾ സംഭാവന ചെയ്യുന്നു, ഗോശാല സംരക്ഷിക്കാനുള്ള ചെലവ് വഹിക്കുന്നു എന്നതിന്റെയൊക്കെ പേരിലാണ് സുനിൽ കുമാറിന് ആനുകൂല്യങ്ങൾ നൽകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റാർക്കും ഇല്ലാത്ത ആനുകൂല്യങ്ങളാണ് ഇയാൾക്ക് നൽകുന്നതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
എന്നാൽ, താൻ സന്യാസ ജീവിതമാണ് പിന്തുടരുന്നതെന്നും ആനുകൂല്യങ്ങളൊന്നും വാങ്ങുന്നില്ലെന്നുമാണ് സുനിൽ കുമാറിന്റെ വാദം.