നാവികസേനയുടെ ഐഎൻഎസ് വിക്രമാദിത്യ അടിമുടി മാറും; പുനർനിർ‌മാണത്തിന് കൊച്ചിൻ ഷിപ്യാർഡ്; 1,207.5 കോടി രൂപയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം

0

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യ നവീകരണത്തിനൊരുങ്ങുന്നു. കൊച്ചിൻ ഷിപ്യാർഡിലായിരിക്കും പുനർ നിർമാണം നടക്കുക. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കരാറിൽ ഒപ്പുവച്ചു. 1,207 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടത്.

ഐഎൻഎസ് വിക്രമാദിത്യയിൽ ഷോർ‌ട്ട് റീഫിറ്റ്, ഡ്രൈ ഡോക്കിം​ഗ് എന്നിവ സജ്ജമാക്കുന്നതിനായാണ് കരാർ. ആത്മനിർഭർ ഭാരതിന്റെ ഭാ​ഗമായാണ് പദ്ധതി. അറ്റകുറ്റപ്പണികൾക്കുള്ള ഹബ്ബായി കൊച്ചിൻ ഷിപ്യാർഡിനെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാകും ഇത്. 50-ഓളം MSME-കളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 3,500-ലധികം പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയാണിത്.

2013 നവംബറിലാണ് ഐഎൻഎസ് വിക്രമാദിത്യ നാവികസേനയുടെ ഭാ​ഗമായത്. ഇന്ത്യയുടെ സമുദ്രശക്തിയുടെ നിർണായക ഭാ​ഗമാണ് വിമാനവാഹിനി കപ്പൽ. 284 മീറ്റർ നീളവും 10 മീറ്റർ ഡ്രാഫ്റ്റും ഉൾക്കൊള്ളുന്നതാണ് ‌ഐഎൻഎസ് വിക്രമാദിത്യ. മി​ഗ്-29K ഫൈറ്റർ ജെറ്റുകളും വിവിധ ഹെലികോപ്റ്ററുകളും വഹിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള കഴിവ് ഇതിനുണ്ട്. ആൻ്റി-ഷിപ്പ് മിസൈലുകൾ, ​ഗെെഡഡ് ബോംബുകൾ, റോക്കറ്റുകൾ, എയർ-ടു-എയർ മിസൈലുകൾ എന്നിവയുൾപ്പെടെ വിപുലമായ ആയുധ സംവിധാനങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു.

1987-ൽ സോവിയറ്റ് നാവികസേനയ്‌ക്ക് വേണ്ടി ‘ബാക്കു’ എന്ന പേരിലാണ് ഐഎൻഎസ് വിക്രമാദിത്യ നിർമിച്ചത്. പിന്നീട് ‘അഡ്മിറൽ ഗോർഷ്കോവ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു, 1996-ൽ ഡീകമ്മീഷൻ ചെയ്യുന്നതുവരെ റഷ്യൻ നാവികസേനയ്‌ക്ക് സേവനം നൽകി. 2013-ൽ ഐഎൻഎസ് വിക്രമാദിത്യയായി.

Leave a Reply