ഇടുക്കിയിലെ മിടുക്കികളായി കാർത്തികയും മക്കളും; പഞ്ചഗുസ്തി മത്സരത്തിൽ മൂവർക്കും സ്വർണം

0

തൊടുപുഴ: പഞ്ചഗുസ്തി മത്സരത്തിൽ സ്വർണം കരസ്ഥമാക്കി ഇടുക്കിയിലെ യുവതിയും മക്കളും. ഇടുക്കി ജില്ല ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റായ എസ്. കാർത്തികയും മക്കളുമാണ് ​ഗുസ്തിപിടിച്ച് സ്വർണം കരസ്ഥമാക്കിയിരിക്കുന്നത്. 47- മാത് ഇടുക്കി ജില്ല പഞ്ചഗുസ്തി മത്സരത്തിൽ കാർത്തികയ്ക്ക് സീനിയർ വനിത 70 കിലോ വിഭാഗത്തിൽ രണ്ട് സ്വർണ മെഡലുകൾ ലഭിച്ചപ്പോൾ മക്കളായ ബാലനന്ദയും നൈനികയും രണ്ട് സ്വർണ മെഡലുകൾ വീതം നേടി ഒപ്പമെത്തി. സബ് ജൂനിയർ പെൺകുട്ടികളുടെ 40 കിലോ വിഭാഗത്തിലാണ് കെ. നൈനിക രണ്ട് സ്വർണം നേടിയത്. ബാലാനന്ദയാകട്ടെ, സബ് ജൂനിയർ പെൺകുട്ടികൾ 45 കിലോ വിഭാഗത്തിൽ രണ്ട് സ്വർണം നേടി. തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ മത്സരത്തിലാണ് അപൂർവ നേട്ടവുമായി അമ്മയും മക്കളും ശ്രദ്ധേയരായത്.

ഇടുക്കി ജില്ല പൊലീസ് ടെലികമ്യൂണിക്കേഷൻ എസ്.ഐ ബൈജുബാലിന്റെ ഭാര്യയാണ് കാർത്തിക. നിലവിൽ ഇടുക്കി ജില്ല ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റായി സേവനമനുഷ്ഠിക്കുകയാണ് ഈ യുവതി. കെ. ബാലനന്ദ പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് കെ നൈനിക.

ഇടുക്കി ജില്ലയിൽ നിന്നും മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നൈനിക. മൂവരുടെയും പരിശീലകർ ഇടുക്കി ഭൂമിയംകുളം സ്വദേശികളായ എം.എ ജോസ് (ലാലു), ജിൻസി ജോസ് എന്നിവരാണ്. 2025 ജനുവരി രണ്ട് മുതൽ അഞ്ച് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് മൂവരും പങ്കെടുക്കും

Leave a Reply