തിരുപ്പതി: കന്നഡ സൂപ്പർ താരം ശിവരാജ്കുമാർ കുടുംബത്തോടൊപ്പം തിരുപ്പതി സന്ദർശിച്ച ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അദ്ദേഹവും ഭാര്യയും നിർമ്മാതാവുമായ ഗീതാ ശിവരാജ് കുമാറും ഉൾപ്പെടുന്ന വലിയൊരു സംഘമാണ് തിരുപ്പതി സന്ദർശിച്ചത്. നിർമ്മാതാവ് കെപി ശ്രീകാന്ത്, ശിവണ്ണയുടെ മകൾ നിവേദിത എന്നിവരും തീർത്ഥാടക സംഘത്തിലുണ്ട്. കൂട്ടത്തിലെ ഏതാണ്ട് എല്ലാവരും തന്നെ തല മുണ്ഡനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ കാരണം ശിവരാജ്കുമാർ അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണ് എന്നുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ചികിത്സാർത്ഥം അദ്ദേഹം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട് .
എന്തായാലും കുറച്ച് മാസത്തേക്ക് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് ശിവരാജ്കുമാറിന്റെ തീരുമാനം എന്നത് ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ട അവസ്ഥയിലാണ്. പൂർണ സുഖം പ്രാപിച്ച ശേഷമേ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നും പറയപ്പെടുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ആരാധകർ ശിവണ്ണയുടെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ്.