ഹൈദരാബാദ്: സൂര്യന്റെ പുറംപാളിയെ കുറിച്ച് പഠിക്കുന്ന ദൗത്യമായ പ്രോബ 3യുടെ വിക്ഷേപണം മാറ്റിയതായി ഐഎസ്ആർഒ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 പേടകത്തിൽ സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇന്ന് വൈകിട്ട് 4.08 നായിരുന്നു വിക്ഷേണം നടത്താൻ തീരുമാനിച്ചിരുന്നത്.
വിക്ഷേപണത്തിന് 44 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് പ്രോബ 3യിലെ സാങ്കേതിക പ്രശ്‌നങ്ങൾ ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എൽവിയിൽ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഐഎസ്ആർഒ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.12 വിക്ഷേപണം നടത്താൻ തീരുമാനിച്ചതായും ഐഎസ്ആർഒ വ്യക്തമാക്കി.
പിഎസ്എൽവി- സി59 റോക്കറ്റിലാണ് പ്രോബ 3 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. സൂര്യന്റെ പുറംപാളിയായ കൊറോണയെ കുറിച്ച് പഠിക്കുകയെന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനായി പേടകത്തിലെ ഇരട്ട ഉപഗ്രങ്ങളായ ഒക്യുൽറ്ററും, കൊറോണഗ്രാഫും ചേർന്ന് ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണവും സൃഷ്ടിക്കും.
550 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. ഏകദേശം 150 മീറ്റർ വ്യത്യാസത്തിൽ രണ്ട് പേടകങ്ങളേയും വേർപെടുത്തുകയെന്ന സങ്കീർണതയും ഈ ദൗത്യത്തിനുണ്ട്. ഏകദേശം 1680 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്.
ദൗത്യത്തിന്റെ കൗണ്ട് ഡൗൺ പുരോഗമിക്കുന്നതിനിടെയാണ് വിക്ഷേപണം നീട്ടിയതെന്നാണ് സൂചന. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്.