നിയമം അനു” ‘സരിക്കുന്ന പൗരനാണ്, അന്വേഷണവുമായി സഹകരിക്കും; തെറ്റ് ചെയ്തിട്ടില്ല; യുവതിയുടെ കുടുംബത്തെ സഹായിക്കുമെന്ന് അല്ലു അർജുൻ

0

ഹൈദരാബാദ്: സന്ധ്യാ തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചത് ദാരുണമായ സംഭവമാണെന്ന് നടൻ അല്ലു അർജുൻ. യുവതിയുടെ കുടുംബത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും നൽകുമെന്നും അല്ലു പറഞ്ഞു. ജയിൽ മോചിതനായതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” സന്ധ്യാ തിയേറ്ററിലുണ്ടായത് ദാരുണാമായ സംഭവമാണ്. അതിൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാൽ യുവതിയുടെ കുടുംബത്തിന് ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും. കൂടുതൽ വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. കേസിന്റെ പേരിൽ ഒരുപാട് വെല്ലുവിളികൾ ഞാനും കുടുംബവും നേരിട്ടു. പിന്തുണച്ച എല്ലാവർക്കും നന്ദി.”- അല്ലു അർജുൻ പറഞ്ഞു.

20 വർഷത്തിലേറെയായി സിനിമകൾ കാണാൻ തിയേറ്ററുകളിൽ പോകാറുണ്ടെന്നും എന്നാൽ ഇത്തരത്തിൽ നിർഭാഗ്യകരമായ സംഭവം മുൻപുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം പാലിച്ച് ജീവിക്കുന്ന ഒരാളാണെന്നും നിയമത്തിൽ വിശ്വസിക്കുന്നുണ്ടെന്നും അല്ലു പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. വേണ്ട നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകുമെന്നും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും അല്ലു വ്യക്തമാക്കി.

തീർത്തും നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. സംഭവത്തിൽ തനിക്കും ദുഃഖമുണ്ടെന്നും മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ താനും മൈത്രി മൂവിമേക്കേഴ്‌സും ചേർന്ന് നൽകുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇത് മോശപ്പെട്ട രീതിയിൽ കാണേണ്ടതില്ലെന്നും സദുദ്ദേശത്തോടെയാണ് ചെയ്യുന്നതെന്നും അറസ്റ്റിലാവുന്നതിന് മുൻപ് താരം മാദ്ധ്യമങ്ങളിൽ പോസറ്റ് പങ്കുവച്ചിരുന്നു. ഇതേ വാക്കുകളാണ് താരം ഇപ്പോഴും ആവർത്തിക്കുന്നത്. യുവതിയുടെ കുടുംബത്തിന്റെ നഷ്ടം വലുതാണെന്നും എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും താരം വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ചഞ്ചൽഗുഡ ജയിലിൽ നിന്നും അല്ലു അർജുൻ മോചിതനായത്. ജാമ്യം ലഭിച്ചതിന്റെ ഉത്തരവ് കൈമാറിയതിന് പിന്നാലെയാണ് ജയിൽ മോചനം. എന്നാൽ ജാമ്യത്തിന്റെ ഉത്തരവ് ഇന്നലെ രാത്രി തന്നെ പൊലീസിന് കൈമാറിയിരുന്നെങ്കിലും നടപടി പൂർത്തിയാക്കുന്നത് മനപൂർവ്വം വൈകിപ്പിക്കുകയായിരുന്നുവെന്നാണ് അല്ലുവിന്റെ അഭിഭാഷകന്റെ ആരോപണം. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

Leave a Reply