ന്യൂഡൽഹി: 18-ാമത്തെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ 18 കാരൻ ദൊമ്മരാജു ഗുകേഷിനെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണെന്നും അഭിമാന നേട്ടമാണെന്നും ദ്രൗപദി മുർമു എക്‌സിൽ കുറിച്ചു.
” ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയ ഗുകേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യക്കായി അഭിമാന നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയത്. ഇതിലൂടെ ചെസ്സിന്റെ ശക്തികേന്ദ്രം ഇന്ത്യയാണെന്ന് ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. വളർന്നുവരുന്ന ഓരോ താരങ്ങൾക്കും ഗുകേഷ് പ്രചോദനമാകുന്നു.”- ദ്രൗപദി മുർമു കുറിച്ചു.
ചെസ്സിനും ഭാരതത്തിനും അഭിമാന നിമിഷമാണിതെന്ന് മുൻ ലോക ചെസ് ചമ്പ്യൻ വിശ്വനാഥൻ ആനന്ദ് കുറിച്ചു. തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ആനന്ദമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകചാമ്പ്യൻഷിപ്പ് കിരീടം ഉയർത്തുന്ന താരമാണ് തമിഴ്‌നാട്ടുകാരനായ ഗുകേഷ്.
ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഒളിമ്പിക് സ്വർണമെഡൽ ജേതാക്കളായ അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര, കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഗുകേഷിന്റെ കഠിനാധ്വാനവും ത്യാഗവും ആത്മസമർപ്പണവും രാജ്യത്തിന് അഭിമാന നിമിഷം നൽകിയെന്നായിരുന്നു മൻസൂഖ് മാണ്ഡവ്യയുടെ പോസ്റ്റ്.
ലോകചാമ്പ്യനായിരുന്ന ചൈനയുടെ ഡിങ് ലിറനെ വീഴ്‌ത്തിയാണ് ഗുകേഷ് ചരിത്രം സൃഷ്ടിച്ചത്. 14-ാം മത്സരത്തിലാണ് ലിറനെ പരാജയപ്പെടുത്തി ഗുകേഷ് കിരീടം ചൂടിയത്.