ചണ്ഡീഗഢ്: ഭാരതീയ ന്യായ സംഹിത ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷുകാർ രൂപകൽപന ചെയ്ത പഴയ ക്രിമിനൽ നിയമങ്ങൾ എക്കാലവും ഭാരതത്തിലെ ജനങ്ങളെ അടിമകളാക്കുന്നതിനും ശിക്ഷിക്കുന്നതിനുമായിരുന്നു. ജനങ്ങൾ, ജനങ്ങളാൽ, ജനങ്ങൾക്കായി തെരഞ്ഞെടുക്കപ്പെടുന്നതെന്നാണ് ജനാധിപത്യത്തിന്റെ ആപ്തവാക്യം. ഇത് ന്യായ സംഹിതയിലൂടെ നടപ്പിലാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് വിജയകരമായി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ചണ്ഡിഗഢിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
” ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പഴയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതിനും അടിമകളാക്കുന്നതിനുമായിരുന്നു. നൂറ്റാണ്ടുകളുടെ അടിമത്തത്തിന് ശേഷം നമ്മുടെ രാജ്യം സ്വതന്ത്രമായപ്പോഴും കൊളോണിയൽ നിയമങ്ങൾ പിന്തുടർന്നു. ബ്രിട്ടീഷുകാർ പോയതിനാൽ ബ്രിട്ടീഷ് നിയമങ്ങളിൽ നിന്ന് മോചിതരാകുമെന്ന് രാജ്യത്തെ ജനങ്ങൾ കരുതിയിരുന്നു. എന്നാൽ ഏറെക്കാലം നാം വീണ്ടും ഈ നിയമങ്ങളിൽ നിലയുറപ്പിച്ചു. ബ്രിട്ടീഷുകാരുടെ അടിച്ചമർത്തലിനും ചൂഷണത്തിനുമുള്ള മാർഗങ്ങളായിരുന്നു ഈ നിയമങ്ങൾ.”- പ്രധാനമന്ത്രി പറഞ്ഞു.
ബ്രിട്ടീഷുകാർ ഇന്ത്യയെ പിടിച്ചുനിർത്താൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. ‘1857-ലെ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് ഭരണത്തിന്റെ വേരുകൾ ഇളക്കിമറിച്ചു. ഇതോടെ 1860-ൽ ബ്രിട്ടീഷുകാർ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) നടപ്പിലാക്കി. ഏതാനും വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നു. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷവും ദശാബ്ദങ്ങളോളം നമ്മുടെ നിയമങ്ങൾ ഒരേ ശിക്ഷാനിയമത്തിൽ നിലകൊണ്ടു.
പൗരന്മാരെ അടിമകളായി കണക്കാക്കി നിർമിച്ച നിയമങ്ങൾ ഭാരതത്തിലെ ജനങ്ങൾ എന്തിന് പിന്തുടരണം? അതിനാലാണ് കൊളോണിയൽ നിയമങ്ങൾ പിഴുതെറിഞ്ഞ് ഭാരതീയ ന്യായ സംഹിത (രണ്ട്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (രണ്ട്), ഭാരതീയ സാക്ഷ്യ അധീനിയം (രണ്ട്) ബിൽ എന്നിവ ലോക്സഭ പാസാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊളോണിയൽ ചിന്തയിൽ നിന്നും പൗരന്മാരെ മോചിപ്പിക്കുന്ന ബില്ലുകളാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ വിവിധ ചീഫ് ജസ്റ്റിസുമാരുടെയും ജസ്റ്റിസുമാരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തിയാണ് മൂന്ന് നിയമങ്ങളും പാസാക്കിയത്. സുപ്രീം കോടതി, 16 ഹൈക്കോടതികൾ, ജുഡീഷ്യൽ അക്കാദമിക് തുടങ്ങിയ നിരവധി നിയമ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ അഭിപ്രായം ബിൽ പാസാക്കുന്നതിന് മുൻപായി തേടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനിർമാണത്തിന് നൽകിയ സംഭാവനകൾക്ക് സുപ്രീം കോടതിയോടും ജഡ്ജിമാരോടും രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും പ്രധാനമന്ത്രി നന്ദിയും അറിയിച്ചു.