അവധി ദിവസങ്ങൾ പൊതുഗതാഗതത്തിനൊപ്പം; കണക്കുകൾ പുറത്തുവിട്ട് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

0

ദുബായ്: അവധി ദിവസങ്ങളില്‍ ദുബായില്‍ ഏറെ ആളുകളും യാത്ര ചെയ്തത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചെന്ന് കണക്കുകൾ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെയുള്ള കണക്കുകൾ പ്രകാരം 80 ലക്ഷത്തിലേറെ ആളുകളാണ് പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത്.

വളരെ എളുപ്പത്തിലുള്ളതും പ്രയാസരഹിതവുമായ യാത്രാ സംവിധാനമാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നഗരത്തിൽ എല്ലായിടങ്ങളിലും ഒരുക്കിയിരുന്നത്. 80 ലക്ഷം ആളുകളിൽ മെട്രോ സര്‍വീസിനെയാണ് ഇതിൽ കൂടുതൽപ്പേരും ആശ്രയിച്ചത്. മുപ്പത് ലക്ഷത്തിലധികം പേർ മെട്രോയിൽ യാത്രക്കാരായി.

രണ്ടാം സ്ഥാനത്ത് ടാക്‌സി കാറുകളാണ്. 22 ലക്ഷത്തിലധികം പേര്‍ ഈ ദിവസങ്ങളില്‍ ടാക്‌സി പ്രയോജനപ്പെടുത്തി. അതേസമയം, 16 ലക്ഷത്തിലധികം പേര്‍ പബ്ലിക് ബസുകള്‍ വഴി യാത്ര ചെയ്തതായും ആർ.ടി.എ അറിയിച്ചു. രണ്ട് ലക്ഷത്തോളം യാത്രക്കാരാണ് ജലമാർഗം യാത്ര ചെയ്തത്.

അവധി ദിവസങ്ങളില്‍ പൊതുഗതാഗത പ്രവര്‍ത്തനങ്ങള്‍ സുഗമവും സുരക്ഷിതവുമായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. സൗജന്യ പാർക്കിം​ഗ് ഏർപ്പെടുത്തിയതും സന്ദർശകർക്ക് വലിയ തോതിൽ ഗുണം ചെയ്തു. മൾടി ലെവൽ പാർക്കിം​ഗുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യം ലഭിച്ചത്.

Leave a Reply