മറാത്തയുടെ നായകൻ; ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും; 50,000-ത്തിലേറെ പേർ സാക്ഷിയാകും

0

മുംബൈ: സർപ്രൈസുകൾക്ക് വിരാമമിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേൽക്കും. ആസാദ് മൈതാനിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയ്‌ക്കാണ് ചടങ്ങ്. പ്രധാനമന്ത്രി, ഒൻപത് കേന്ദ്രമന്ത്രിമാർ, മൂന്ന് മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ബുധനാഴ്ച ചേർന്ന ബിജെപി നിയമസഭാകക്ഷിയോ​ഗം ഫഡ്നാവിസിനെ ഐകകണ്ഠ്യേന നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. ശിവസേനാ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഏക്നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. സംസ്ഥാനത്തെ 21-ാമത്തെ മുഖ്യമന്ത്രിയാണ് 54-കാരനായ ഫഡ്നാവിസ്. മൂന്നാം തവണയാണ് അദ്ദേ​ഹം മുഖ്യമന്ത്രിയാകുന്നത്.

കുറഞ്ഞത് 50,000 പേർ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. ​എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ​ഗവർണർമാർ, മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ എന്നിവരും ബിജെപിയുടെയും എൻഡിഎയുടെയും മുതിർന്ന നേതാക്കളും ചടങ്ങിനെത്തും.

പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി സിഎം ചന്ദ്രബാബു നായിഡു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ നിതിൻ ​ഗഡ്കരി, ശിവരാജ് സിം​ഗ് ചൗഹാൻ, നിർമല സീതാരാമൻ, പിയൂഷ് ​ഗോയൽ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, ജ്യോതിരാദിത്യ സിന്ധ്യ, ബിജെപി ദേശീയ സെക്രട്ടറി ബിഎൽ സന്തോഷ്, ജോയിൻ്റ് സെക്രട്ടറി ശിവ് പ്രകാശ്, രാജസ്ഥാൻ ​ഗവർണർ ഹരിഭാവു ബ​ഗഡെ എന്നിവർ പങ്കെടുക്കുമെന്നാണ് പൊതുഭരണ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.

തെരഞ്ഞെടുപ്പിലെ മഹായുതിയുടെ വിജയത്തിന് പിന്നിലെ കാതൽ ദേവേന്ദ്ര ഫഡ്നാവിസായിരുന്നു. നേതൃത്വമികവും ഭരണമികവും അദ്ദേഹത്തിന്റെ മുതൽക്കൂട്ടാണ്. കഴിഞ്ഞ മന്ത്രിസഭയി‍ൽ ഉപമുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നത് ഫഡ്നാവിസായിരുന്നു.

Leave a Reply