ഭക്തിസാന്ദ്രമായി സന്നിധാനം, ശബരിമലയിൽ വൻ ഭക്തജനതിരക്ക് ; ഏറ്റവും കൂടുതൽ പേർ മലചവിട്ടിയത് ഇന്നലെ

0

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്നലെയാണ് ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത്. 92, 562 പേരാണ് ഇന്നലെ മലചവിട്ടിയത്. മണ്ഡലകാലം ആരംഭിച്ച് 22 ദിവസം പിന്നിടുമ്പോൾ ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്.

പുല്ലുമേട് വഴി 2,722 ഭക്തരും സ്പോട്ട് ബുക്കിം​ഗിലൂടെ 11, 425 പേരും ദർശനം നടത്തി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രാവിലെ മുതൽ വലിയ ഭക്തജനതിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. നടപന്തലുകളിൽ നീണ്ട ക്യൂവാണുള്ളത്.

വലിയ നടപ്പന്തലിലെ ആറ് നിരയിലും തീർത്ഥാടകർ തിങ്ങിനിറഞ്ഞു. മൂന്നര മണിക്കൂറോളം കാത്തുനിന്നാണ് ഭക്തർ പതിനെട്ടാം പടി കയറുന്നത്. ഇന്നലെ രാത്രി 11 മണിക്ക് ഹരിവരാസനം ചൊല്ലി നടയടച്ചപ്പോഴും പതിനെട്ടാം പടി കയറാനുള്ളവരുടെ നീണ്ടനിരയാണ് ശരംകുത്തിക്കും മരക്കൂട്ടത്തിനും മദ്ധ്യേ ഉണ്ടായിരുന്നത്.

സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങിളിൽ പുതിയ പൊലീസ് സംഘത്തെയും സുരക്ഷാ ഉദ്യോ​ഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പമ്പ- നിലയ്‌ക്കൽ ചെയിൻ സർവീസ് ബസുകളിൽ കയറാൻ ത്രിവേണിയിൽ വലിയ തിരക്കാണുള്ളത്. അപകടം ഒഴിവാക്കാൻ റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply