ആലപ്പുഴ: ആലപ്പുഴയിൽ അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ച ഗൗരിശങ്കർ എന്ന വിദ്യാർത്ഥിയെ പ്രതി ചേർത്ത് പൊലീസ്. കാറിലിടിച്ച കെഎസ്ആർടിസിയുടെ ഡ്രൈവറെ പ്രതിയാക്കിയാണ് ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഇത് റദ്ദാക്കിയാണ് ആലപ്പുഴ സൗത്ത് പൊലീസ് പുതിയ റിപ്പോർട്ട് കോടതിയിൽ നൽകിയത്. മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മുൻപിൽ ഉണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ ഉദ്ദേശിച്ച വേഗം കിട്ടിയില്ലെന്നും, ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്നും ഗൗരീശങ്കർ മൊഴി നൽകിയിട്ടുണ്ട്. നിയന്ത്രണം വിട്ട വാഹനം വലതുവശത്തേക്ക് തെന്നിമാറിയാണ് ബസിൽ ഇടിച്ച് കയറിയതെന്നും ഗൗരീശങ്കർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അപകടത്തിന് തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ ശക്തമായ വെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിഗമനം.
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള എടത്വ സ്വദേശി ആൽവിൻ ജോർജ്ജിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊല്ലം സ്വദേശി ആനന്ദ് മനു, ചേർത്തല സ്വദേശി കൃഷ്ണദേവ് എന്നിവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഇവരെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ഗൗരീശങ്കറിന് പുറമെ കൊല്ലം ചവറ മക്കത്തിൽ മുഹ്‌സിനും ചെറിയ പരിക്ക് മാത്രമാണ് ഏറ്റിട്ടുള്ളത്. ഇവരോടൊപ്പമുണ്ടായിരുന്ന മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൻ എന്ന വിദ്യാർത്ഥിക്ക് മാത്രമാണ് പരിക്കേൽക്കാതിരുന്നത്. കടുത്ത മാനസികാഘാതം നേരിട്ട ഷെയ്‌നെ മാതാപിതാക്കൾക്കൊപ്പം വിട്ടു.