ദമാസ്‌കസ്: ആഭ്യന്തര കലാപത്തിന്റെ പിടിയിലായ സിറിയയില്‍ വിമതരും സൈന്യവും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍ സിറിയയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
സിറിയയിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍ ദമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. +963 993385973 എന്ന വാട്‌സ്ആപ്പ് നമ്പറിലും [email protected] എന്ന ഇ-മെയിലോ ബന്ധപ്പെടാം. ലഭിക്കുന്ന വിമാനങ്ങളില്‍ എത്രയും വേ?ഗം രാജ്യത്ത് നിന്ന് പോകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
സിറിയയുടെ വടക്കന്‍ മേഖലയില്‍ ആക്രമണം രൂക്ഷമാവുകയാണെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. യുഎന്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 14 പേര്‍ ഉള്‍പ്പെടെ 90 ഇന്ത്യന്‍ പൗരന്മാര്‍ സിറിയയിലുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.