കര്‍ഷക സമരം വീണ്ടും; നോയിഡയില്‍ നിന്ന് കര്‍ഷക മാര്‍ച്ച് ഡെല്‍ഹിയിലേക്ക്

0

ന്യൂഡെല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രകാരം നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡിസംബര്‍ 2 ന് ഡെല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കും. നോയിഡയില്‍ നിന്നാണ് കിസാന്‍ മാര്‍ച്ച് ആരംഭിക്കുക. ഉച്ചയോടെ ഡെല്‍ഹിയില്‍ എത്തി പുതിയ കാര്‍ഷിക നിയമങ്ങള്‍ അനുസരിച്ച് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെടുമെന്ന് ഭാരതീയ കിസാന്‍ പരിഷത്ത് (ബികെപി) നേതാവ് സുഖ്ബീര്‍ ഖലീഫ പറഞ്ഞു.

കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം), സംയുക്ത് കിസാന്‍ മോര്‍ച്ച (എസ്‌കെഎം, രാഷ്ട്രീയേതരം) എന്നിവയുള്‍പ്പെടെയുള്ള മറ്റ് കര്‍ഷക സംഘടനകളും ഡിസംബര്‍ 6 മുതല്‍ ഡെല്‍ഹിയിലേക്ക് കാല്‍നട ജാഥകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഉറപ്പായ മിനിമം താങ്ങുവില (എംഎസ്പി) ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ഡിസംബര്‍ 6 ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെഎംഎസ്സി) ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പന്ധൈര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഡെല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ചിനെ ഹരിയാന കൃഷിമന്ത്രി ശ്യാന്‍ സിംഗ് റാണ വിമര്‍ശിച്ചു. കര്‍ഷകര്‍ക്ക് ന്യായമായ ആവശ്യങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. 

”മുന്‍ കര്‍ഷക പ്രക്ഷോഭത്തിനു മുന്നില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നു- മൂന്ന് കാര്‍ഷിക നിയമങ്ങള്‍. ഈ മൂന്ന് നിയമങ്ങളും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കുകയും അവരോട് മാപ്പ് പറയുകയും ചെയ്തു. കര്‍ഷകപ്രക്ഷോഭം പഞ്ചാബിന് നഷ്ടമുണ്ടാക്കി,” ശ്യാന്‍ സിംഗ് റാണ കര്‍ണാലില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply