ന്യൂഡൽഹി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നേതൃത്വം അനുമതി മൂളിയത്. ഇതോടെ താരം വീണ്ടും ഒറ്റക്കൊമ്പനായി വെള്ളിത്തിരയിൽ എത്തും. ഒരു മാസം മുൻപ് എടുത്തുകളഞ്ഞ താടി അദ്ദേഹം വീണ്ടും വളർത്തിത്തുടങ്ങി. സിനിമക്കായി പഴയ ലുക്കിലേക്ക് മാറാനാണ് താരം താടി വളർത്തുന്നത്. സിനിമയിൽ അഭിനയിക്കാനുള്ള ഔദ്യോഗിക അനുമതി ഉടൻ നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അഭിനയമാണ് വരുമാനമാർഗമെന്നും നിരവധി സിനിമകൾ ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല. നേതൃത്വം എപ്പോഴാണ് ഇനി അനുവാദം നൽകുന്നതെന്ന് അറിയാതെ പ്രതിസന്ധിയിലായിരുന്നു അദ്ദേഹം. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിനായി വളർത്തിയ വെളുത്ത താടിയും കറുത്ത മീശയുമായുള്ള ലുക്കിലാണ് സുരേഷ് ഗോപി മുൻപ് എല്ലായിടത്തും പ്രത്യക്ഷപ്പെട്ടിരുന്നത്. അഭിനയ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങിയതിനെ തുടർന്ന് സിനിമകളുടെ ചിത്രീകരണം ഉടൻ ഉണ്ടാകും.
എട്ടുദിവസമാണ് ആദ്യഷെഡ്യൂളിൽ അനുവദിച്ചിരിക്കുന്നത്. ചിത്രീകരണം തിരുവനന്തപുരത്താണ്. സുരേഷ് ഗോപിയുടെ ഷൂട്ടിങ് 29-നാണ് തുടങ്ങുക. ജനുവരി അഞ്ചുവരെയാണ് അനുമതി. ഈ ദിവസങ്ങളിൽ സെൻട്രൽ ജയിലുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരമാവധിഭാഗം ചിത്രീകരിക്കാനാണ് ആലോചന.