ന്യൂഡൽഹി: ബംഗ്ലാദേശിലെ അക്രമങ്ങളിലും സന്യാസിമാർക്കെതിരായുള്ള നടപടികളിലും പ്രതിഷേധിച്ച് ഇസ്കോൺ. ഡൽഹിയിലടക്കം 700-ലധികം ഇസ്കോൺ ആരാധനാലയങ്ങളിൽ പ്രാർത്ഥനാ പ്രതിഷേധമാണ് സന്യാസിമാർ നടത്തുന്നത്. പ്രാർത്ഥനയിലൂടെ വളരെ നിശബ്ദമായാണ് സന്യാസി സമൂഹം അവരുടെ പ്രതിഷേധം അറിയിക്കുന്നത്.
കേന്ദ്ര സർക്കാരുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും ഇടപെടുമെന്ന് ഉറപ്പ് നൽകിയതായും ഡൽഹിയിലെ ഭാരവാഹിയും മലയാളിയുമായ ഋഷികുമാർ ദാസ് പറഞ്ഞു. 700-ലധികം കേന്ദ്രങ്ങളിലാണ് പ്രാർത്ഥനകൾ നടക്കുന്നത്. മതപരമായ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകണമെന്നാതാണ് ഇവരുടെ ആവശ്യം.
ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലടച്ചതോടെയാണ് ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾ കലുഷിതമായത്. ഇതിന് പിന്നാലെ ശനിയാഴ്ച മറ്റൊരു ഇസ്കോൺ സന്യൃാസിയെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ചിന്മയ് കൃഷ്ണദാസിനെ ജയിലെത്തി സന്ദർശിച്ചെന്നാരോപിച്ചായിരുന്നു ബംഗ്ലാദേശ് ഭരണകൂടത്തിന്റെ കടുത്ത നടപടി. ഔദ്യോഗിക അറസ്റ്റ് വാറണ്ട് കൂടാതെയാണ് ശ്യാം ദാസ് പ്രഭുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മറ്റൊരു ആത്മീയ നേതാവിനെ കൂടി അറസ്റ്റ് ചെയ്തെന്നും 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മകരവിപ്പിച്ചെന്നും ഇസ്കോൺ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്കോൺ പ്രസ്ഥാനത്തിനെതിരെ വലിയ കരുനീക്കമാണ് ബംഗ്ലാദേശിൽ നടക്കുന്നത്. ഹിന്ദു സമൂഹത്തിനോടുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഇസ്കോൺ പ്രാർത്ഥനാ പ്രതിഷേധം സംഘടിപ്പിച്ചത്.