അണ്ണാ യൂണിവേഴ്സിറ്റി ലൈംഗിക പീഡനം; പ്രതി ഡിഎംകെ പ്രവർത്തകൻ, തെളിവ് നിരത്തി കെ. അണ്ണാമലൈ

0

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പിടിയിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രാദേശിക പ്രവർത്തകനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കൾക്കുമൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങൾ അണ്ണാമലൈ പുറത്തുവിട്ടു. പ്രതി സ്ഥിരംകുറ്റവാളിയാണെന്നും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ യാതൊരു പൊലീസ് നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

പ്രതി ജ്ഞാനശേഖരൻ പ്രാദേശിക ഡിഎംകെ നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്. ഡിഎംകെ പ്രവർത്തകനായതിനാൽ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും അടിച്ചമർത്തപ്പെടുകയാണ്. ലോക്കൽ പൊലീസിന്റെ നിരീക്ഷണ ലിസ്റ്റിൽ പോലും ഇയാളെ ഉൾപ്പെടുത്തിയിട്ടില്ല. ഡിഎംകെയുടെ മന്ത്രിമാരുടെയും പ്രാദേശിക നേതാക്കളുടെയും സമ്മർദം മൂലമാണ് കേസുകളിൽ അന്വേഷണം നടക്കാത്തത്. ഇത് കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഇനിയെങ്കിലും തയ്യാറാകുമോയെന്നും അണ്ണാമലൈ ചോദിച്ചു.

23ന് വൈകിട്ടാണ് അണ്ണാ സർവ്വകലാശാല കാമ്പസിനുള്ളിൽ പെൺകുട്ടി പീഡനത്തിന് ഇരയാകുന്നത്. ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത് ആൺ സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന രണ്ടാം വർഷ വിദ്യാർത്ഥിനിയെ അക്രമികൾ കൂട്ടബലാത്സംഗത്തിനിരയാക്കി. തുടർന്ന് വലിയ പ്രതിഷേധമാണ് കാമ്പസിൽ നടന്നത്. കഴിഞ്ഞ ദിവസം പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply