പല വിദേശരാജ്യങ്ങളും സനാതനവിശ്വാസങ്ങളെ മാനിക്കുകയും , ക്ഷേത്രനിർമ്മാണം നടത്തുകയും ചെയ്യുന്നുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നമ്മുടെ സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന തരത്തിൽ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട് . ഇതിന്റെ ഭാഗമായാണ് അമേരിക്കയിലെ അറ്റ്ലാൻ്റയിൽ മഹാലക്ഷ്മി ക്ഷേത്രം നിർമ്മിച്ചത്. ഈ ക്ഷേത്രത്തിൽ ശാസ്ത്ര പ്രകാരമുള്ള പൂജകളും നടക്കുന്നു.
ഇപ്പോഴിതാ ക്ഷേത്രത്തിലേയ്‌ക്കായുള്ള സ്വർണ്ണ താമരപ്പൂക്കൾ നിർമ്മിക്കുകയാണ് ആന്ധ്രാ ബപട്‌ല വെമുരുവിലെ ശില്പികൾ. സ്വർണ്ണ താമരപ്പൂക്കൾ വേണമെന്ന ആശയം ഉണ്ടായപ്പോൾ ദേവസ്ഥാനം ട്രസ്റ്റ് ബോർഡ് അംഗങ്ങൾ വെമുരുവിൽ എത്തുകയായിരുന്നു . ദേവമയ്യാചാര്യരും നാഗമയ്യ നാരായണ ശിൽപികളും നടത്തുന്ന സത്യ ശിൽപശാലയിലാണ് ദേവസ്ഥാനം ട്രസ്റ്റ് ബോർഡ് അംഗങ്ങൾ എത്തിയത് . 108 മനോഹരമായ ബ്രഹ്മകമലങ്ങൾ ഉണ്ടാക്കാനാണ് അവർ ആവശ്യപ്പെട്ടത്.
ഒരു പൂവിന് 33 ഗ്രാം എന്ന കണക്കിൽ മൂന്ന് കിലോ അറുനൂറ് ഗ്രാം സ്വർണം കൊണ്ട് 108 താമരപ്പൂക്കളാണ് നിർമ്മിച്ചത്. രണ്ട് കോടി 25 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ദേവസ്ഥാനം ട്രസ്റ്റ് ബോർഡ് അംഗങ്ങളുടെ നിർദേശപ്രകാരം ഇത് അമേരിക്കയിലേയ്‌ക്ക് അയക്കാനുള്ള തീരുമാനത്തിലാണ് ശില്പികൾ.