വിഴിഞ്ഞം: അപകടത്തിൽ പരിക്കേറ്റ രോഗിയുമായി പോയ ആംബുലൻസ് പമ്പിൽ നിന്നും ഇന്ധനം നിറച്ച് പോകവേ ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങി. 500 രൂപയാണ് ഇന്ധനം നിറയ്ക്കാനായി പമ്പിൽ നൽകിയത്. എന്നാൽ അതിനുള്ള ഇന്ധനം വാഹനത്തിൽ അടിച്ചില്ല എന്ന് കണ്ടെത്തി. വഴിയിൽ കുടുങ്ങിയ ആംബുലൻസ് ഡ്രൈവർ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയാരുന്നു.
സംഭവത്തിൽ ഡ്രൈവറും നാട്ടുകാരുമെത്തി പമ്പ് ഉപരോധിച്ചു. വിവരമറിഞ്ഞ് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ തിരുവനന്തപുരം യൂണിറ്റിന്റെ ഫ്ളൈയിങ് സ്ക്വാഡെത്തി പമ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശം നൽകി.
വിഴിഞ്ഞം- ബാലരാമപുരം റൂട്ടിൽ മുക്കോലയിൽ പ്രവർത്തിക്കുന്ന ഐ.ഒ.സി.യുടെ പമ്പിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ബൈപ്പാസ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് പരിക്കേറ്റയാളെ കയറ്റിയെത്തിയ ആംബുലൻസ് ഡ്രൈവർ പമ്പിലെത്തി 500 രൂപയ്ക്ക് ഇന്ധനം നിറച്ചു. തുടർന്ന് നഗരത്തിലെ ആശുപത്രിയിലേക്കു പോകവേ ഈഞ്ചയ്ക്കൽ ഭാഗത്തുവെച്ച് ആംബുലൻസ് നിന്നു. ഇതേത്തുടർന്ന് മറ്റൊരു ആംബുലൻസിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് പമ്പിൽനിന്നു നൽകിയ ബില്ല് പരിശോധിച്ചപ്പോഴായിരുന്നു 2.14 രൂപയ്ക്കുള്ള 0.02 ലിറ്റർ ഇന്ധനം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് മനസ്സിലാക്കിയത്. തുടർന്ന് നാട്ടുകാരുമായി പമ്പിലെത്തി ചോദ്യംചെയ്തുവെങ്കിലും ജീവനക്കാർ വ്യക്തമായ മറുപടി നൽകിയില്ല.
ഇതേത്തുടർന്ന് നാട്ടുകാർ പമ്പിൽ ഉപരോധം നടത്തി. സംഭവത്തെത്തുടർന്ന് വിഴിഞ്ഞം പോലീസും സ്ഥലത്തെത്തി. പോലീസ് അറിയിച്ചതനുസരിച്ച് എത്തിയ ലീഗൽ മെട്രോളജി വിഭാഗം ഫ്ളൈയിങ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ പി.എസ്.പ്രദീപ് നടത്തിയ പരിശോധനയിൽ ഇന്ധനവിതരണത്തിൽ വൻ ക്രമക്കേടു നടന്നതായി കണ്ടെത്തി. ഡ്രൈവർക്ക് നൽകിയ ബില്ലും പരിശോധിച്ച് ഉറപ്പുവരുത്തി. ഇതേത്തുടർന്ന് പമ്പിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി.
പമ്പിന്റെ പരിധിയിൽപ്പെട്ട സെയിൽസ് ഓഫീസർ പരിശോധന നടത്തി നൽകുന്ന റിപ്പോർട്ട് അനുസരിച്ചുമാത്രമേ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി നൽകുകയുള്ളൂയെന്ന് ഡെപ്യൂട്ടി കൺട്രോളർ പറഞ്ഞു. ഇൻസ്പെക്ടർ പി.പ്രിയ, ഇൻസ്പെക്ടിങ് അസിസ്റ്റന്റ് എം.നഹാസ് എന്നിവരാണ് പരിശോധന നടത്തിയത്.