ബിജെപി നേതാവ് കോൺഗ്രസിൽ ചേരുന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥത’; കേരളത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം: വി ഡി സതീശൻ

0

ബിജെപി നേതാവ് കോൺഗ്രസിൽ ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണ് അസ്വസ്ഥതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമം. ഇത് യുഡിഎഫ് അനുവദിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ജനങ്ങളുടെ മുന്നിൽ പരിഹാസ്യനാവുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

മന്ത്രിമാർ നിലപാടിൽ നിന്നും മലക്കം മറിയുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. മന്ത്രിമാരടക്കം സന്ദീപ് വാര്യരെ പുകഴ്ത്തി പറഞ്ഞിരുന്നു. സിപിഎം സന്ദീപ് വാര്യരെ സ്വാഗതം ചെയ്തതാണ്. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നപ്പോൾ ഇപ്പോൾ എവിടന്നാണ് ബാബറി മസ്‌ജിദ് ഉണ്ടായത്? ബിജെപിക്കാർ മറ്റൊരു പാർട്ടിയിലും ചേരരുതെന്നാണോ നിലപാട്? ഒരു സീറ്റും പ്രതീക്ഷിച്ചല്ല നല്ലമനസോടെയാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നത്. അൺ കണ്ടിഷണൽ വരവാണത്. അതേസമയം സന്ദീപുമായി നേരത്തെ ആശയവിനിമയം നടത്തിയതാണെന്നും വി ഡി സതീശൻ പറഞ്ഞു. സിപിഎമ്മിന്റെ പുകഴ്ത്തൽ കുറച്ച് കൂടി കേൾക്കട്ടെ എന്ന് വിചാരിച്ചു.

ബിജെപി വിട്ട് സന്ദീപ് വാര്യരുടെ കോൺഗ്രസ്സ് പ്രവേശനം മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സന്ദീപ് വാര്യർ പാണക്കാട് പോയി എന്ന വാർത്ത കണ്ടു. ലീഗ് അണികൾ ഇന്നലെ വരെ സന്ദീപ് സ്വീകരിച്ച നിലപാട് അറിയുന്നവരാണ്. ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള ഒറ്റപ്പാലം തിരഞ്ഞെടുപ്പ് ആണ് ഓർമവന്നത്. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലീഗ് ബാബറി മസ്ജിദ് തകർത്ത കോൺഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ബാബറി മസ്‌ജിദ് തകർത്തത് ആർഎസ്എസ് നേതൃത്വത്തിൽ ഉള്ള സംഘപരിവാർ ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ ഒത്താശയും ചെയ്‌തത്‌ കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള കേന്ദ്ര ഗവൺമെന്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply