തിരുവനന്തപുരം: വയനാട് ദുരന്തം മുൻനിർത്തി കേന്ദ്രത്തെ പഴി ചാരുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പണം കൈവശം വച്ചാണ് സംസ്ഥാന സർക്കാർ ദുരിതബാധിതരുടെ പുനരധിവാസം വൈകിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ധനസഹായം കിയില്ലെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” കോൺഗ്രസും സിപിഎമ്മും ചേർന്ന് വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്. പണം കൈവശം വച്ചാണ് സംസ്ഥാന സർക്കാർ പുനരധിവാസം വൈകിപ്പിക്കുന്നത്. കോൺഗ്രസ് കള്ളപ്രചാരണം നടത്തുകയാണ്. ദുരന്തനിവാരണത്തിനും, പ്രതിരോധത്തിനും, പുനരധിവാസത്തിനും ആവശ്യമായ ഫണ്ട് സർക്കാരിന്റെ കൈവശമുണ്ട്.”- കെ സുരേന്ദ്രൻ പറഞ്ഞു.
മൻമോഹൻ സിംഗ് ഭരിക്കുന്ന കാലത്താണ് ദേശീയ ദുരന്തം ഇല്ലെന്ന് പ്രഖ്യാപിച്ചത്. ദേശീയ ദുരന്തമെന്ന വാക്ക് എടുത്ത് കളഞ്ഞത് യുപിഎ സർക്കാരാണ്. ഇപ്പാൾ സിപിഎമ്മിനൊപ്പം ചേർന്ന് കോൺഗ്രസ് കള്ളപ്രചാരണം നടത്തുകയാണ്. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ അപേക്ഷ നൽകേണ്ട സംസ്ഥാന സർക്കാർ അത് ചെയ്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
എൽ 1, എൽ 2, എൽ 3 തുടങ്ങി ഏത് ലെവലിലുള്ള സഹായങ്ങളും മോദി സർക്കാർ നൽകാൻ തയ്യാറാണ്. എന്നാൽ എന്തുകൊണ്ട് സംസ്ഥാന സർക്കാർ അപേക്ഷകൾ സമർപ്പിക്കുന്നില്ല?, എന്തുകൊണ്ട് സർവകക്ഷി യോഗം സർക്കാർ സംഘടിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സമഗ്രമായ പുനരധിവാസ പാക്കേജ് ഇതുവരെയും കേരള സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഇതൊന്നും ചെയ്യാതെ കയ്യിൽ പണമില്ലെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.