വയനാട്: കേരളത്തിന്റെ പക്കല്‍ പണമുണ്ട്, അധിക സഹായത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

0

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഹായം നല്‍കുന്നതില്‍ ഈ മാസം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. സഹായത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൂടുതല്‍ സഹായം നല്‍കുന്ന കാര്യം പരിശോധിച്ചു വരികയാണ്. ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ നിലവില്‍ പണം ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു

സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. നിലവില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നാലുമാസമായിട്ടും പോസിറ്റീവ് ആയ നടപടി കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. നടപടിക്രമങ്ങള്‍ വൈകുകയാണ്. ആവശ്യങ്ങള്‍ പലതും ഉന്നയിച്ചിട്ടും അതിനോടൊക്കെ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്രത്തില്‍ നിന്നും ഉണ്ടാകുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ വിട്ടു നല്‍കിയതിന്റെ പണം ചോദിച്ചത് അടക്കം സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെ വി തോമസിന് കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തും കേരള സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഫണ്ട് അത്യാവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സഹായം അനുവദിക്കുന്നതില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹര്‍ജി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Leave a Reply