വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു; വ്‌ളോഗര്‍മാർ പ്രശ്നമുണ്ടാക്കിയെന്ന് അധികൃതർ; അന്വേഷണം പ്രഖ്യാപിച്ച് കെ.ഡബ്ല്യു.എം.എൽ

0

കൊച്ചി: കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കെ.ഡബ്ല്യു.എം.എൽ പ്രഖ്യാപിച്ചു. ഫോർട്ട്കൊച്ചിക്കും വൈപ്പിനുമിടയിലുള്ള റോ റോ ക്രോസിങ്ങിനിടെ വേ​ഗം കുറച്ചപ്പോഴാണ് ബോട്ടുകൾ കൂട്ടിമുട്ടിയതെന്നും അധികൃതർ വ്യക്തമാക്കി. ബോട്ടിൽ മൂന്ന് യൂട്യൂബർമാർ പ്രശ്നമുണ്ടാക്കിയെന്നും പ്രവേശനമില്ലാത്ത ഭാ​ഗത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നും അവർ ചൂണ്ടിക്കാട്ടി.

ഞായറാഴ്ച വൈകീട്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച സംഭവത്തേക്കുറിച്ച് അധികൃതർ വ്യക്തമാക്കിയത്. ഫോർട്ട് കൊച്ചിക്ക് സമീപം രണ്ട് ബോട്ടുകൾ സഞ്ചരിക്കുകയായിരുന്നു. റോറോ ക്രോസ് ചെയ്യുന്നതിനാൽ, വേ​ഗം കുറച്ചപ്പോഴാണ് പരസ്പരം ഉരസിയത്. അടിയന്തര നടപടികളുടെ ഭാഗമായി അലാറം ഉയർത്തുകയും എമർജൻസി വാതിലുകൾ സ്വയം തുറക്കുകയും ചെയ്തു. ബോട്ടുകളും യാത്രക്കാരും തികച്ചും സുരക്ഷിതരായിരുന്നുവെന്നും വാട്ടർ മെട്രോ അധികൃതർ പറഞ്ഞു.

എന്നാൽ ഒരു ബോട്ടിലുണ്ടായിരുന്ന മൂന്ന് വ്‌ളോഗര്‍മാർ ബഹളം സൃഷ്ടിക്കുകയും ബോട്ട് കൺട്രോൾ ക്യാബിനിലെ പ്രവേശിക്കാൻ പാടില്ലാത്തയിടത്തേക്ക് അതിക്രമിച്ചുകയറാനും ശ്രമിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇത് ബോട്ടിലെ ജീവനക്കാർ അനുവദിച്ചില്ല. എന്നാൽ ഇവർ അകത്തു കടക്കാൻ ശ്രമിക്കുകയും മോശമായി പെരുമാറിയതായി പിന്നീട് പരാതിപ്പെടുകയും ചെയ്തു. സംഭവത്തിൽ കെ.ഡബ്ല്യു.എം.എൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോർട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ഫോർട്ട് കൊച്ചിയിൽനിന്ന് തിരികെ ഹൈകോർട്ട് ടെർമിനേലിലേക്ക് വരികയായിരുന്ന മെട്രോയും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന മെട്രോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോർട്ട് കൊച്ചിയിൽനിന്ന് തിരികെ ഹൈകോർട്ട് ടെർമിനേലിലേക്ക് വരുകയായിരുന്ന മെട്രോ പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ജീവനക്കാർ സമാധാനിപ്പിക്കുകയായിരുന്നു.

Leave a Reply