യുദ്ധങ്ങള്‍ അവസാനിപ്പിക്കും; അമേരിക്കയ്‌ക്ക് ഇനി സുവര്‍ണകാലം: ട്രംപ്

0

വാഷിങ്ടണ്‍: യുദ്ധം ആരംഭിക്കാനല്ല ഞാന്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ പ്രചാരണവേദിയിലാണ് അദ്ദേഹം സംസാരിച്ചത്.

അമേരിക്കയുടെ 47-ാംപ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ അദ്ദേഹം ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. വീ വാണ്ട് ട്രംപ് എന്ന് ആരവങ്ങളുമായാണ് ഫ്‌ളോറിഡയിലെ ജനങ്ങള്‍ ട്രംപിനെ സ്വീകരിച്ചത്. അമേരിക്കയ്‌ക്ക് ഇനി സുവര്‍ണകാലമാണ് വരാന്‍ പോകുന്നത്. രാജ്യത്തെ കഠിനാധ്വാനികളായ ജനങ്ങള്‍ പിന്തുണച്ചതിന് നന്ദി. അവരുടെ വിജയമാണിത്. ഈ വിജയം അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ പോകുന്നു. അമേരിക്കയുടെ സുവര്‍ണ കാലം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലൂടെയാണിപ്പോള്‍ കടന്നുപോയതെന്ന് ജനങ്ങള്‍ക്ക് ഉടന്‍ ബോദ്ധ്യമാകും. അഭൂതപൂര്‍വവും ശക്തവുമായ ജനവിധിയാണ് സെനറ്റില്‍ നല്കിയത്.

ഭാര്യ മെലാനിയ ട്രംപിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. പിന്നാലെ അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആകാനൊരുങ്ങുന്ന ജെഡി വാന്‍സിനെയും അദ്ദേഹം അഭിനന്ദിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ തിരിച്ചുവരവാണ് ട്രംപ് നടത്തിയതെന്ന് പ്രസംഗത്തിനിടെ വാന്‍സ് പറഞ്ഞു. കൂടാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിച്ച ഇലോണ്‍ മസ്‌കിനെ കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പുതിയ താരമെന്നാണ് മസ്‌കിനെ ട്രംപ് വിശേഷിപ്പിച്ചത്.

Leave a Reply