ഹുബ്ബള്ളി: ഭീകരമായ വഖഫ് അധിനിവേശം തുടരുന്ന കർണാടകയിൽ 53 ചരിത്ര സ്മാരകങ്ങൾക്കു മേൽ അവർ അവകാശവാദമുന്നയിച്ചതിന്റെ രേഖകൾ പുറത്ത്. പ്രസിദ്ധമായ ഗോൾ ഗുംബസ്, ഇബ്രാഹിം റൗസ, വിജയപുരയിലെ ബാരാ കമാൻ,ബിദാർ കോട്ടകൾ, കലബുറഗി കോട്ടകൾ എന്നിവയുൾപ്പെടെ കർണാടകയിലുടനീളമുള്ള 53 ചരിത്ര സ്മാരകങ്ങളെങ്കിലും തങ്ങളുടേതാണെന്ന് വഖഫ് ബോർഡ് അവകാശപ്പെടുന്നു. ശ്രീരംഗപട്ടണത്തിലെ മസ്ജിദ്-ഇ-അലയും എഎസ്ഐയുടെ ഹംപി സർക്കിളിൽ ആറ് സ്മാരകങ്ങളും ബെംഗളൂരു സർക്കിളിൽ നാല് സ്മാരകങ്ങളും വഖഫ് ബോർഡ് അവകാശപ്പെടുന്നു. വിജയപുര (ബീജാപ്പൂർ) സ്മാരകങ്ങൾ വരുന്ന ധാർവാഡ് സർക്കിളിൽ വഖഫ് അവകാശപ്പെടുന്ന മറ്റ് സ്മാരകങ്ങളുടെ പട്ടിക ലഭ്യമായിട്ടില്ല.
ഗോൾ ഗുംബസ്
ഡെക്കാൻ ക്രോണിക്കിൾ പത്രമാണ് വിവരാവകാശ നിയമത്തിലൂടെ നേടിയ വിവരങ്ങൾ പുറത്ത് വിട്ടത് .
ഇതിൽ, ആദിൽ ഷാഹിസിന്റെ പഴയ തലസ്ഥാന നഗരമായ വിജയപുരയിലെ 43 ചരിത്രസ്മാരകങ്ങൾ 2005-ൽ വഖഫ് ബോർഡ് വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചു. 2005-ൽ ധരംസിംഗിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരായിരുന്നു കർണാടകയിലുണ്ടായിരുന്നത്.
2005-ൽ വിജയപുരയിലെ വഖഫ് ബോർഡിന്റെ ഡെപ്യൂട്ടി കമ്മീഷണറും ചെയർമാനുമായിരുന്ന മുഹമ്മദ് മൊഹ്‌സിൻ ആണ് ഈ സംരക്ഷിത സ്മാരകങ്ങൾ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചതെന്നു രേഖകളിൽ കാണിക്കുന്നു.
എന്നാൽ “എത്ര സ്മാരകങ്ങൾ വഖഫ് സ്വത്തായി പ്രഖ്യാപിച്ചെന്ന് എനിക്ക് ഓർമയില്ലെന്നും താൻ ചെയ്തതെല്ലാം റവന്യൂ വകുപ്പ് പുറപ്പെടുവിച്ച സർക്കാർ ഗസറ്റ് വിജ്ഞാപനവും കക്ഷികൾ ഹാജരാക്കിയ ആധികാരിക ഡോക്യുമെൻ്ററി തെളിവുകളും അനുസരിച്ചാണ്” എന്നുമാണ് മൊഹ്‌സിൻ പറഞ്ഞത്.
വിജയപുരയിലെ ബാരാ കമാൻ
ഇപ്പോൾ വഖഫ് ബോർഡ് അധിനിവേശം നടത്തിയ ഈ സമരകങ്ങളിൽ മിക്കതും ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളായി 1914 നവംബർ 12 ന് അന്നത്തെ ബ്രിട്ടീഷ് സർക്കാർ വിജ്ഞാപനം ചെയ്തവയാണ്
ബിദാർ കോട്ടകൾ
1958-ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും ( Ancient Monuments and Archaeological Sites and Remains Act AMASR) നിയമവും ചട്ടങ്ങളും അനുസരിച്ച് ഈ വസ്തുവകകളുടെ “ഏക ഉടമ” ASI ആണ്. ഒരു പുരാതന സ്മാരകത്തിന്റെ ഉടമസ്ഥതയിൽ നിന്ന് എ എസ് ഐയെ ഡീനോട്ടിഫൈ ചെയ്യാനുള്ള വ്യവസ്ഥകളൊന്നുമില്ല. ചരിത്ര സ്മാരകങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനും സംരക്ഷണത്തിനുമുള്ള പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യയിൽ എ എസ് ഐക്ക് മാത്രമാണ്.
കലബുറഗി കോട്ടകൾ
2005 ൽ വഖഫ് സ്വത്തുക്കളാക്കി പ്രഖ്യാപിക്കപ്പെട്ട വിജയപുരയിലെ 43 സ്മാരകങ്ങളിൽ മിക്കവാറും എല്ലാ തന്നെ “മൂന്നാം കക്ഷികൾ” കയ്യേറ്റം ചെയ്യുകയോ വികൃതമാക്കുകയോ അശാസ്ത്രീയമായി നവീകരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ പറയുന്നു. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയെ പ്രതിനിധീകരിക്കുന്ന മുല്ല മസ്ജിദിന്റെയും യാക്കൂബ് ദാബുലിയുടെ പള്ളിയുടെയും ശവകുടീരത്തിന്റെയും പരിസരം മദ്രസയാക്കി മാറ്റി. ഈ സ്മാരകങ്ങൾ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ നിർദ്ദേശിക്കപ്പെട്ടവയാണ്.
Yakub Dabuli’s Mosque
വിജയപുരയിലെ ഈ 43 സ്മാരകങ്ങൾ വികൃതമാക്കുകയും പ്ലാസ്റ്റർ, സിമൻ്റ് ഫാനുകൾ, എയർകണ്ടീഷണറുകൾ, ഫ്ലൂറസൻ്റ് ലൈറ്റുകൾ, എന്നിവ ഫിറ്റു ചെയ്യുകയും ടോയ്‌ലറ്റുകൾ പണിയുകയും ചെയ്തു. ചിലർ വസ്തുവകകൾ കൈക്കലാക്കി കടകളും സഥാപിച്ചിട്ടുണ്ട്. ഈ സ്മാരകങ്ങൾ വഖഫിൻ്റേതാണെന്ന് തെളിയിക്കാൻ ഉതകുന്ന യാതൊരു രേഖകളും വിജയപുര ഡിസി ഓഫീസോ വഖഫ് ബോർഡോ എഎസ്ഐക്ക് സമർപ്പിച്ചിട്ടില്ല.
സംരക്ഷിത സ്മാരകങ്ങൾ ദുരുപയോഗം ചെയ്യുകയും അനധികൃത വാണിജ്യ, പാർപ്പിട നിർമ്മാണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയം വിജയപുര ഡെപ്യൂട്ടി കമ്മീഷണർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കർണാടക ചീഫ് സെക്രട്ടറി എന്നിവർക്ക് 2007 മുതൽ പല തവണ കത്തുകൾ അയച്ചെങ്കിലും കാര്യമായ മറുപടിയില്ല.