വമ്പന്‍ ഓഫറുകള്‍!’വിഷന്‍ മഹാരാഷ്ട്ര @2028′ ; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

0

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകട പത്രിക പുറത്തിറക്കി ബിജെപി. മഹാരാഷ്ട്രയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (എഐ) ഫിന്‍ടെക്കിന്റെയും കേന്ദ്രമാക്കി മാറ്റാനുള്ള തന്ത്രത്തിന്റെ രൂപരേഖയാണ് പ്രകടന പത്രികയില്‍ പറയുന്നത്. ‘സങ്കല്‍പ് പത്ര’ എന്നറിയപ്പെടുന്ന പ്രകടനപത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുറത്തിറക്കിയത്.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാരാഷ്ട്രയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രമാക്കാനുള്ള പദ്ധതി, ലഡ്കി ബഹിന്‍ യോജനയുടെ കീഴില്‍ സ്ത്രീകള്‍ക്കുള്ള പ്രതിമാസ സഹായം വര്‍ധിപ്പിക്കുക, അവശ്യ വസ്തുക്കളുട വില നിയന്ത്രണം എന്നിവ ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പത്രിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാല്‍ നിറഞ്ഞതാണ് ബിജെപിയുടെ പ്രകടന പത്രിക. ലഡ്കി ബഹിന്‍ പദ്ധതിക്ക് കീഴിലുള്ള സ്ത്രീകള്‍ക്കുള്ള പ്രതിമാസ സഹായ തുക 1500 ല്‍ നിന്ന് 2100 രൂപയായി ഉയര്‍ത്തും. കൂടാതെ 25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ സ്‌റ്റൈപ്പന്‍ഡ് എന്നിങ്ങനെ വന്‍ ഉറപ്പുകളും നല്‍കുന്നുണ്ട്.

45,000 ഗ്രാമങ്ങളില്‍ പുതിയ റോഡുകള്‍, പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ക്ക് ഊന്നല്‍ നല്‍കി വൈദ്യുതി ബില്ലില്‍ 30 ശതമാനം കുറവ് എന്നിവയ്ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

വാര്‍ധക്യ പെന്‍ഷന്‍ പ്രതിമാസം 2100 രൂപയായി വര്‍ധിപ്പിക്കുക, അവശ്യ സാധനങ്ങളുടെ വില സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ മെച്ചപ്പെടുത്തുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല സര്‍ക്കാര്‍ രൂപീകരിച്ച് ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ ‘വിഷന്‍ മഹാരാഷ്ട്ര @2028’ അവതരിപ്പിക്കുമെന്നും സംസ്ഥാനത്തിന് ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ കൈവരിക്കാനുള്ള പാതയൊരുക്കുമെന്നും പറയുന്നു. സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2027 ഓടെ മഹാരാഷ്ട്രയിലെ 50 ലക്ഷം സ്ത്രീകളെ ‘ലക്ഷപതി ദീദികള്‍’ ആക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Leave a Reply