തൃശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി എംഎൽഎ പി വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം. തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യനാണ് റിട്ടേണിംഗ് ഓഫീസർക്ക് നിർദേശം നൽകിയത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ പൊലീസ് വിലക്ക് ലംഘിച്ച് പി വി അൻവർ വാർത്താ സമ്മേളനം നടത്തിയതിനെതിരെയാണ് നടപടി.
വാർത്താ സമ്മേളനം നടത്തരുതെന്ന് പി വി അൻവറിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിവേക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാർത്താ സമ്മേളനം നിർത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു. എന്നാൽ അൻവർ ഇതനുസരിക്കാതെ വന്നതോടെ നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് വാർത്താ സമ്മേളനം നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതെന്നായിരുന്നു അൻവറിന്റെ വാദം. താൻ ചട്ടം ലംഘിച്ചിട്ടില്ലെന്നും അൻവർ പറഞ്ഞിരുന്നു. നിലവിൽ അൻവറിനെതിരെ കേസെടുക്കാൻ വാക്കാലുള്ള നിർദേശമാണ് കളക്ടർ നൽകിയത്. രേഖാമൂലമുള്ള നിർദേശം വൈകാതെ നൽകും.