ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയിലെ വേളാങ്കണ്ണി സ്വിഫ്റ്റ് ഡീലക്സ് ബസ് അപകടത്തിൽ പെട്ടു. തമിഴ്നാട്ടിൽ തഞ്ചാവൂരിനു സമീപം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഞായറാഴ്ച വൈകിട്ട് 4.20നു തഞ്ചാവൂരിന് 29 കിലോമീറ്റർ അകലെ പൂണ്ടി എന്ന സ്ഥലത്തായിരുന്നു അപകടം. അപകടത്തിൽ 7 പേർക്കു പരുക്കേറ്റു. ഇവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
40 യാത്രക്കാർ ബസിലുണ്ടായിരുന്നു. ബസ് ഡ്രൈവർ ജിമോദ് ജോസഫിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. കണ്ടക്ടർ അഭിജിത്തിനും പരുക്കുണ്ട്.
യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിൽപെട്ട തമിഴ്നാട് റജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്.
വേളാങ്കണ്ണിയിൽനിന്നു യാത്രക്കാരുമായി ചങ്ങനാശേരിയിലേക്കു പുറപ്പെട്ട ബസും എതിരെയെത്തിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.