ഉയരെ ഇന്ത്യ! ഒക്ടോബറിൽ 1.87 ലക്ഷം കോടി GST വരുമാനം; 8.9% വർദ്ധനവ്

0

ന്യൂഡൽഹി: ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തിൽ 8.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ധനമന്ത്രാലയം. 2023 ഒക്ടോബറിൽ ലഭിച്ച വരുമാനം 1.72 ലക്ഷം കോടിയായിരുന്നു. എന്നാൽ 2024 ഒക്ടോബറിൽ 1.87 ലക്ഷം കോടിയാണ് ജിഎസ്ടി വരുമാനം. സാമ്പത്തിക ഇടപാടുകൾ മെച്ചപ്പെട്ടതിന്റെയും നികുതി പിരിവ് കൂടുതൽ കാര്യക്ഷമമായതിന്റെയും സൂചനയാണിത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ വരെയുള്ള കാലയളവിൽ 11.64 ലക്ഷം കോടിയായിരുന്നു ആകെ ലഭിച്ച ജിഎസ്ടി വരുമാനം. എന്നാൽ നടപ്പ് വർഷം ഒക്ടോബർ അവസാനം വരെയുള്ള കണക്കുപ്രകാരം 12.74 ലക്ഷം കോടി ജിഎസ്ടി ഇതിനോടകം ലഭിച്ചുകഴിഞ്ഞു. അതായത്, കഴിഞ്ഞ തവണത്തേക്കാൾ 9.4 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ ആകെ ജിഎസ്ടി വരുമാനം 20.18 ലക്ഷം കോടിയായിരുന്നു. തൊട്ടുമുൻപത്തെ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11.7 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രതിമാസ ശരാശരി 1.68 ലക്ഷം (മുൻവർഷം 1.5 ലക്ഷം) കോടിയായിരുന്നു. ഇത്തവണയും റെക്കോർഡ് ജിഎസ്ടി വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഉത്പാദനം വർദ്ധിക്കുമ്പോഴും ഇറക്കുമതി കുറയുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയും തൽഫലമായി ജിഎസ്ടി വരുമാനം കൂടുകയും ചെയ്യും.

Leave a Reply