മുംബൈ : ബാലാസാഹെബിനെ അപമാനിച്ച കോൺഗ്രസിന് ഉദ്ധവ് താക്കറെ ഇപ്പോൾ സ്വന്തം റിമോട്ട് കൺട്രോൾ കൈമാറിയിരിക്കുകയാണെന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാർട്ടി കോൺഗ്രസിന് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും, ബാലാസാഹെബ് താക്കറെയെ പ്രശംസിച്ച് പറയാൻ കോൺഗ്രസിന്റെ യുവനേതാവിനോട് പറയാൻ ഉദ്ധവിന് ധൈര്യമുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു. മുംബൈയിലെ ശിവാജി പാർക്കിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” മഹാരാഷ്‌ട്രയിൽ ഞാൻ നടത്തുന്ന അവസാനത്തെ പൊതുയോഗമാണിത്. മഹാരാഷ്‌ട്ര മുഴുവൻ കഴിഞ്ഞ ദിവസങ്ങൾക്കിടെ യാത്ര ചെയ്തു. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടേയും അനുഗ്രഹം മഹായുതിക്കൊപ്പമുണ്ട്. ആത്മാഭിമാനത്തിന്റെ നഗരമാണിത്. പക്ഷേ മഹാവികാസ് അഘാഡിയിലെ ഒരു പാർട്ടി അവരുടെ റിമോട്ട് കൺട്രോൾ ബാലാസാഹെബ് താക്കറെയെ അപമാനിച്ചവർക്ക് കൈമാറിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളെ കൊണ്ട് ബാലാസാഹെബ് താക്കറെയെ പ്രശംസിക്കാൻ ഉദ്ധവിനെ വെല്ലുവിളിക്കുകയാണ്.
ജനങ്ങളെ തമ്മിലടിപ്പിക്കുക എന്നതിൽ മാത്രമാണ് കോൺഗ്രസ് ശ്രദ്ധ കൊടുക്കുന്നത്. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ളവർ ഇവിടെ സമാധാനത്തോടെ ജീവിക്കുന്നു. പക്ഷേ ദളിതരോടും പിന്നാക്ക വിഭാഗങ്ങളോടും കോൺഗ്രസ് ശത്രുത പുലർത്തുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളോളം ഇവിടം കോൺഗ്രസ് ആണ് ഭരിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി അവർ യാതൊന്നും ചെയ്തില്ല. വികസനത്തിൽ മുംബൈ പിന്നോട്ട് പോയി. കോൺഗ്രസ് എല്ലാക്കാലത്തും വികസനവിരോധികളാണ്.
മഹാവികാസ് അഘാഡി നേതാക്കൾ രാമക്ഷേത്ര നിർമാണത്തെ എതിർത്തു, വീർസവർക്കറെ അനാദരിച്ചു. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള ചില പാർട്ടികൾ രാമക്ഷേത്രം ഉയരുന്നതിന് തടസമുണ്ടാക്കാൻ ശ്രമിച്ചു. ഇക്കൂട്ടർ തന്നെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി ജമ്മു കശ്മീരിൽ പ്രമേയം പാസാക്കി. രാജ്യത്തിന് മുകളിൽ നിൽക്കാനാണ് അവരുടെ ശ്രമം. രാജ്യത്ത് വികസനം നടപ്പാക്കാൻ ഇക്കൂട്ടർക്ക് താത്പര്യമില്ലെന്നും” പ്രധാനമന്ത്രി വിമർശിച്ചു.