“സത്യങ്ങൾ പുറത്തുവരുന്നു”; ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കിയ ‘ദ സബർമതി റിപ്പോർട്ട്’ സിനിമയെ പ്രശംസിച്ച് നരേന്ദ്രമോദി

0

ന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള ‘ദ സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്താണ് സത്യമെന്ന് വിളിച്ചുപറയാൻ തയ്യാറായ അണിയറപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

“സത്യങ്ങൾ പുറത്തുവരുന്നു. അതും സാധാരണക്കാർക്ക് കാണാനാകുന്ന തരത്തിലാണെന്നത് വളരെ നല്ല കാര്യമാണ്. പരിമിതമായ കാലത്തേക്ക് മാത്രമേ വ്യാജ ആഖ്യാനങ്ങൾ നിലനിൽക്കൂ. ഒടുവിൽ വസ്തുതകൾ പതിയെ പുറത്തുവരും” ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഒരു എക്‌സ് ഉപയോക്താവ് സിനിമയെക്കുറിച്ച് എക്സിൽ പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേർക്ക് ജീവൻ നഷ്ടപ്പെട്ട 2002-ലെ ഗോധ്ര ദുരന്തത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് ‘ദ സബർമതി റിപ്പോർട്ട്’. ധീരജ് സർണയാണ് ചിത്രം സംവിധാനം ചെയ്തത്. 2002-ൽ ഗുജറാത്തിന്റെ പല ഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഇടയാക്കിയ ​ഗോധ്ര ദുരന്തമാണ് സിനിമയുടെ പ്രമേയം. വിക്രാന്ത് മാസി പ്രധാന വേഷത്തിലെത്തിയ ചിത്രം നവംബർ 15-നാണ് റിലീസ് ചെയ്തത്.

ഗോധ്ര കൂട്ടക്കൊല

2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനിൽ രാവിലെ കൃത്യസമയത്ത് സബർമതി എക്‌സ്പ്രസ് എത്തിയിരുന്നു. ബിഹാറിലെ മുസാഫർപൂരിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് ഓടുന്ന ട്രെയിനിൽ നൂറുകണക്കിന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. അയോദ്ധ്യയിലെ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന കർസേവകരും ട്രെയിനിലുണ്ടായിരുന്നു.

ഗോധ്രയിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ, ചങ്ങലകൾ ഒന്നിലധികം പ്രാവശ്യം വലിക്കപ്പെട്ടു. ഇതോടെ ട്രെയിൻ നിർത്തി. സമാനതകളില്ലാത്ത ആക്രമണത്തിനാണ് പിന്നീട് രാജ്യം സാക്ഷിയായത്. ഏകദേശം 2,000ത്തോളം പേർ ഇരച്ചെത്തി ട്രെയിനിന് നേരെ കല്ലെറിയുകയും നാല് കോച്ചുകൾക്ക് തീയിടുകയും ചെയ്തു. തീപിടിത്തത്തിൽ 27 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടെ 59 പേർ മരിച്ചു. ആക്രമണത്തിൽ 48 യാത്രക്കാർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഗോധ്രയിലെ ദുരന്തം 2002 ഫെബ്രുവരി 28 മുതൽ ഗുജറാത്തിലുടനീളം കലാപങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതാണ് ​ഗോധ്ര കലാപം എന്ന് അറിയപ്പെടുന്നത്.

Leave a Reply