തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശനം അറിയുന്നത് വാർത്തയിലൂടെയെന്ന് കെ. മുരളീധരൻ. താൻ എളിയ കോൺഗ്രസ് പ്രവർത്തകൻ മാത്രമാണെന്നും ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും കെ. മുരളീധരൻ തിരുവനന്തപുരത്ത് പ്രതികരിച്ചു. സന്ദീപ് വാര്യറെ കോൺഗ്രസിലേക്ക് ആനയിച്ചതിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് മുരളീധരന്റെ പ്രതികരണം.
ബിജെപിയിൽ നിന്ന് ആരുവന്നാലും സ്വീകരിക്കും. രാജീവ് ചന്ദ്രശേഖർ, ജോർജ് കുര്യൻ അങ്ങനെയാരു വന്നാലും കോൺഗ്രസ് അംഗീകരിക്കും. ഗാന്ധി വധത്തെ ന്യായീകരിക്കുകയും രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുകയും ചെയ്തയാളാണ് സന്ദീപ്. എന്നാൽ ഇന്നലെ മുതൽ അയാൾ കോൺഗ്രസുകാരനാണ്. ഇന്ന് പാണക്കാട് ശിഹാബ് അലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതോടെ സന്ദീപ് യുഡിഎഫുകാരനുമായി. പാലക്കാട് നിയോജക മണ്ഡലത്തെക്കുറിച്ച് നല്ലപോലെ പഠിച്ച ഒരാളാണ് ഞാൻ. സന്ദീപ് വാര്യർ വന്നില്ലായിരുന്നെങ്കിലും പാലക്കാട് കോൺഗ്രസ് ജയിക്കും.
സന്ദീപ് കോൺഗ്രസിലേക്കാണ് വരുന്നതെന്ന് ടിവി കണ്ടിട്ടാണ് അറിഞ്ഞത്. അത്രയല്ലേ ആവശ്യമുള്ളൂ. ഞാൻ അറിയപ്പെടുന്ന കോൺഗ്രസുകാരൻ ഒന്നുമല്ലല്ലോ? എളിയ കോൺഗ്രസിന് പ്രവർത്തകൻ മാത്രമാണ്. അച്ചടക്കമുള്ള ഒരു പാർട്ടിക്കാരനാണ് ഞാൻ. – കെ. മുരളീധരൻ പറഞ്ഞു.