പുസ്തകം എഴുതാന്‍ പാര്‍ട്ടിയുടെ അനുമതി വേണ്ട, പ്രസിദ്ധീകരിക്കണോ എന്ന് പരിശോധിക്കും; ജയരാജനെ വിശ്വസിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

0

കണ്ണൂര്‍: പാര്‍ട്ടി നേതാവ് ഇപി ജയരാജന്റെ ആത്മകഥയിലേത് എന്ന തരത്തില്‍ ചില ഭാഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ ഇപി ജയരാജന്‍ തന്നെ തള്ളിക്കളഞ്ഞതാണെന്നും ഈ കാര്യത്തില്‍ ജയരാജനൊപ്പമാണ് പാര്‍ട്ടിയെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ അങ്ങനെയൊരു പുസ്തകം എഴുതി പൂര്‍ത്തിയാക്കിട്ടില്ലെന്നാണ് ജയരാജന്‍ തന്നെ പറഞ്ഞത്. അതിനൊപ്പമാണ് പാര്‍ട്ടി നില്‍ക്കുന്നത്. ഒരാള്‍ പുസ്തകം എഴുതുന്നതിന് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കണോയെന്ന കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ജയരാജന്‍ പ്രസാധകര്‍ക്കെതിരെ നിയമനടപടികളുമായി മുന്‍പോട്ടു പോകുമെന്നാണ് കരുതുന്നത്. ഈ കാര്യത്തില്‍ പാര്‍ട്ടി പിന്തുണ നല്‍കുമോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ എം വി ഗോവിന്ദന്‍ തയ്യാറായില്ല. ജയരാജന്റെ ആത്മകഥ വിവാദം പാര്‍ട്ടി പരിശോധിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. വോട്ടെണ്ണല്‍ ദിനത്തില്‍ ഇത്തരം വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ചേലക്കരയില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നത്. ജയരാജന്റെ വിഷയത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ വാര്‍ത്ത വന്നു. താനാരോടാണ് ഇങ്ങനെ അതൃപ്തി പ്രകടിപ്പിച്ചതെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. ജയരാജന്‍ പറയുന്നത് അങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ലെന്നാണ്. അങ്ങനെ അദ്ദേഹം പറയുമ്പോള്‍ അതില്‍ പിടിച്ചിട്ട് ചോദ്യങ്ങള്‍ ചോദിക്കേണ്ട കാര്യം തന്നെയില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ തനിക്കെന്തെങ്കിലും അതൃപ്തിയുണ്ടെന്ന് ജയരാജന്‍ പാര്‍ട്ടിയോട് പറഞ്ഞിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പിലും ജയരാജന്‍ വിവാദമുണ്ടാക്കിയിട്ടില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമാണ് അങ്ങനെ സംഭവിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെ നിരന്തരം വ്യാജ വാര്‍ത്തകളാണ് നല്‍കുന്നത്. പാര്‍ട്ടി നയ രേഖയെ കുറിച്ചു തെറ്റായ വാര്‍ത്തകള്‍ കൊടുത്തതിനെതിരെ പ്രകാശ് കാരാട്ട് തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാര്യത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം തന്നെയാണ് തനിക്കും പറയാനുള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിക്കെതിരെ വലതുപക്ഷ മാധ്യമ പ്രചാരണമാണ് നടക്കുന്നത്. ഈ കാര്യം ഞാന്‍ തന്നെ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ഓരോ വാര്‍ത്തകള്‍ക്കുമെതിരെ കോടതിയില്‍ പോവുകയാണെങ്കില്‍ അതിനെ സമയം കാണുകയുള്ളുവെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Leave a Reply