കൊച്ചി: മദ്യപിച്ച് പുറത്തിറങ്ങുന്നവരിൽ നിന്ന് പണം തട്ടാൻ ബ്ലേഡ് ആക്രമണങ്ങൾ പതിവാകുന്നു. കൊച്ചി നഗരത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം മേനക ജംഗ്ഷനിൽ വച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് മുറിവേറ്റതാണ് അവസാന സംഭവം. ബാറിൽ നിന്നും പുറത്തിറങ്ങിയ അസം സ്വദേശിയുടെ കഴുത്തിനാണ് മുറിവേറ്റത്.
ഇയാളുടെ കയ്യിലുണ്ടായിരുന്ന പണം അടങ്ങിയ പേഴ്സും മൊബൈൽ ഫോണും നഷ്ടപ്പെടുകയും ചെയ്തു. തൊട്ടു മുമ്പ് വൈറ്റിലയിലും സമാന സംഭവം ഉണ്ടായി. പിടിക്കാൻ വരുന്നവർക്ക് നേരെയും ബ്ലേഡ് ആക്രമണം ഉണ്ടായി. പിന്നീട് ഇവർ സ്വയം മുറിപ്പെടുത്തുകയാണ് പതിവ്.
വൈറ്റിലയിൽ നടന്ന സംഭവം പോലീസിൽ അറിയിച്ചെങ്കിലും അവരെത്തിയത് മുക്കാൽ മണിക്കൂറിന് ശേഷമായിരുന്നു. തിരക്കുള്ള പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ കത്താത്തതിനാൽ ഇത്തരത്തിലുള്ളവരുടെ തേർവാഴ്ചയാണ്. വൈറ്റില മേൽപ്പാലത്തിനടിയിൽ തെരുവ് വിളക്കുകൾ കത്താതായിട്ട് വർഷങ്ങളായി. ഇത് സംബന്ധിച്ച് മീഡിയ മലയാളം വാർത്ത നൽകിയിരുന്നു.