ന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും സ്ത്രികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ ബി വി നാഗരത്‌ന, പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. പോക്‌സോ കേസുകൾ, ലൈംഗികാതിക്രമ കേസുകൾ തുടങ്ങിയവ പരിഗണിക്കുന്ന കോടതികൾ അതിജീവിതയ്‌ക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി നിർദേശം നൽകി.
കേസുകൾ മെറിറ്റ് പരിശോധിച്ച ശേഷം അതിജീവിതയ്‌ക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് സെഷൻ കോടതികൾക്ക് പുറപ്പെടുവിക്കാമെന്നും നിർദേശത്തിൽ പറയുന്നു. മഹാരാഷ്‌ട്രയിൽ നിന്നുള്ള പോക്‌സോ കേസിൽ അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച ശേഷമായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി. നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച വിധിയുടെ പകർപ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്ക് കൈമാറാനും കോടതി നിർദേശിച്ചു.
ഇരകൾക്ക് പലപ്പോഴും സെഷൻസ് കോടതി നഷ്ടപരിഹാരം വിധിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 357 ബി പ്രാകരം ഈടാക്കുന്ന പിഴയ്‌ക്ക് പുറമെ ക്രിമിനൽ നടപടി ചട്ടത്തിലെ 357 എ പ്രകാരമുള്ള നഷ്ടപരിഹാരം ഇരകൾക്ക് ലഭിക്കേണ്ടതുണ്ടെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.