ബൈക്കിന് പിന്നിലിരുന്ന യുവതി വീണുമരിച്ചു; ബൈക്കോടിച്ച യുവാവ് അറസ്റ്റിൽ

0

മുംബൈ: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി വീണുമരിച്ച സംഭവത്തിൽ ബൈക്കോടിച്ച യുവാവിനെതിരെ കേസെടുത്തു. മുംബൈയിലെ പന്ത് നഗർ പൊലീസാണ് മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി യുവാവിനെതിരെ കേസെടുത്തത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പൂർ സ്വദേശിയായ ഇർഫാൻ ഖാൻ(28) എന്ന യുവാവാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയുണ്ടായാണ് അപകടമുണ്ടായത്. ഇർഫാൻ ഖാനും സു​ഹൃത്തായ മേഘ ഷഹാന എന്ന 25കാരിയും ബൈക്കിൽ യാത്ര ചെയ്യവെ ഘാട്കോപറിലെ വിഖ്രോറി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തുള്ള പാലത്തിൽ വച്ച് ബൈക്കിൽ മറ്റൊരു വാഹനം തട്ടിയതോടെയാണ് യുവതി നിലത്ത് വീണത്. പിന്നാലെ വന്ന വാഹനം യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻതന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ അയച്ചിരിക്കുകയാണ്.

Leave a Reply