ഇടുക്കി: കാണിക്ക വഞ്ചി കുത്തി തുറന്ന് മദ്യം വാങ്ങാൻ പണം കണ്ടെത്തിയ ആളിനെപൊലീസ് പിടികൂടി. മഞ്ചുമല അരുൺ ഭവനിൽ ആനന്ദ് കുമാറിനെ ആണ് ഇടുക്കിയിലെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കിയിലെ വണ്ടിപ്പെരിയാർ ടൗണിലുള്ള അസംപ്ഷൻ ദേവാലയത്തിൻ്റെ കുരിശടിക്ക് മുന്നിലുള്ള സ്റ്റീൽ കാണിക്ക വഞ്ചിയാണ് ആനന്ദ് കുമാർ രാത്രി കുത്തി തുറന്നത്. രാത്രി 12 മണിക്ക് കഴിഞ്ഞ് തട്ടുകടകൾ ഉൾപ്പെടെ അടച്ചതിന് ശേഷമായിരുന്നു സംഭവം. പൊലീസിൻ്റെ നൈറ്റ് പെട്രോളിംഗിനിടെ കാണിക്ക വഞ്ചി കുത്തി തുറക്കുന്നതായി ഫോൺ സന്ദേശം ലഭിച്ചു. എന്നാൽ പൊലീസെത്തിയപ്പോഴേക്കും കള്ളൻ കടന്നു കളഞ്ഞു. മോഷ്ടാവിനെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. രാവിലെ ടൗണിൽ നിന്നും ആനന്ദകുമാറിനെ പിടികൂടി.
കാണിക്ക വഞ്ചി കുത്തി തുറന്ന് 1500 ഓളം രൂപ മോഷ്ടിച്ചത് മദ്യം വാങ്ങാൻ പണം കണ്ടെത്താനാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കുറച്ച് നാളുകളായി വാടകവീട്ടിൽ ഒറ്റയ്ക്കാണ് ഹോട്ടൽ ജീവനക്കാരനായ ആനന്ദ് താമസിച്ചു വരുന്നത്. പൊലീസ് പിടിയിലാകുമ്പോഴും ഇയാൾ മദ്യ ലഹരിയിലായിരുന്നു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.