മുനമ്പത്തെ വഖ്ഫ് വിഷയത്തിൽ മുസ്ലീം ലീഗിന്റെ തനിനിറം പുറത്ത്. വിഷയം രമ്യമായി പരിഹരിക്കണമെന്നും കോടതിക്കു പുറത്ത് തീര്‍പ്പ് വേണമെന്നുമാണ് ഇപ്പോൾ ലീഗ് പറയുന്നത്. അതേ സമയത്താണ് ലീഗിന്റെ നേതാവിന്റെ പഴയ പ്രസംഗം പുറത്ത് വന്നത്. കെപിഎ മജീദ് 2022 ഡിസംബര്‍ 12ന് നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് ലീഗിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയത്. മുനമ്പം സമരം ജനങ്ങൾ ഏറ്റെടുത്തപ്പോൾ ലീഗിനും കോൺഗ്രസിനും നിൽക്കക്കള്ളിയില്ലാതായി. ഇതോടെയാണ് ഇരുവരും പുതിയ നിലപാടുമായി ആളെ പറ്റിക്കാൻ ഇറങ്ങിയത്.
കെപിഎ മജീദിന്റെ നിയമസഭയിലെ പ്രസംഗം….
1950ല്‍ വിദ്യാഭ്യസ ആവശ്യങ്ങള്‍ക്കായി എറണാകുളം ജില്ലയിലെ കുഴിപ്പള്ളി, പള്ളിപ്പുറം വില്ലേജുകളില്‍ പെട്ട 44.76 ഏക്കര്‍ സ്ഥലം കോഴിക്കോട് ഫാറൂഖ് കോളജിനു വേണ്ടി മുഹമ്മദ് സാഹിബ് സേട്ട് നല്‍കിയിട്ടുള്ളതാണ്. 2115/1980 നമ്പര്‍ ആധാര പ്രകാരം ഇത് വഖഫ് ഭൂമിയാണെന്ന് ഇടപ്പള്ളി രജിസ്ട്രാര്‍ ഓഫീസില്‍ രേഖകളുണ്ട്. 2009ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജഡ്ജി എം. എ. നിസാര്‍ ചെയര്‍മാനും അഡ്വ. അബൂബക്കര്‍ ചേങ്ങാട് സെക്രട്ടറിയുമായ കമ്മീഷന്‍ 26/06/2009 ലെ 15 ാമത് റിപ്പോര്‍ട്ട് പ്രകാരം അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ വഖഫ് നിയമം അനുസരിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളതാകുന്നു. ഈ ഭൂമിയിന്മേല്‍ നടന്നുവരുന്ന വ്യവഹാരങ്ങള്‍ നിയമവിരുദ്ധമാണ്.
വഖഫ് ഭൂമി ക്രയവിക്രയം ചെയ്യാന്‍ പാടില്ല എന്നിരിക്കെ ഈ ഭൂമി അനധികൃത കുടിയേറ്റക്കാര്‍ക്ക് പതിച്ചു നല്‍കുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. 20/05/ 2019ലെ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നടപടിപ്രകാരം ഭൂമി ഫാറൂഖ് കോളജ് സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാത്തപക്ഷം സ്വമേധയാ ഈ ഭൂമി രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെടുന്നു. ഇത് വഖഫ് ഭൂമി ആയതിനാല്‍ മുത്തവല്ലിക്കാണ് (ഇവിടെ ഫാറൂഖ് കോളേജ്) നികുതി നല്‍കാന്‍ ഉത്തരവാദിത്തമുള്ളത്. ഇങ്ങനെ നികുതി സ്വീകരിച്ചതിന് രേഖയുമുണ്ട്.
എന്നാല്‍ 20/07/2022ല്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരം, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് കൈയേറ്റക്കാര്‍ക്ക് കരമടയ്‌ക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. ഇത് നിയമലംഘനമാണ്. വഖഫ് ആക്ടിലെ 54 ാം വകുപ്പ് പ്രകാരം കൈയേറ്റക്കാരെ ട്രിബ്യൂണല്‍ വിളിച്ചുവരുത്തി വളരെ വേഗം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാനാകും.
ഭൂമി തിരിച്ചുപിടിക്കാന്‍ കാലതാമസം ഉണ്ടാകുന്നത് മറികടക്കാനാണ് കൈയേറ്റക്കാര്‍ക്ക് നികുതി അടയ്‌ക്കാന്‍ അനുവാദം നല്‍കിയതെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. നികുതി അടയ്‌ക്കരുതെന്നും വസ്തുകൈമാറ്റം ചെയ്യരുതെന്നും പോക്കുവരവ് നടത്തരുതെന്നും നിര്‍ദേശിച്ചെന്ന് അങ്ങ (മന്ത്രി) യുടെ ഉത്തരവിലും പറയുന്നുണ്ട്. അങ്ങയുടെ ഉത്തരവിലോ അതിനു മുന്‍പോ ഒരു കോടതി വിധിയേപ്പറ്റി പരാമര്‍ശമേയില്ല. നികുതി അടയ്‌ക്കുന്നത് ഫാറൂഖ് കോളേജാണ്. അതു തുടരാനാണ് കോടതി പറഞ്ഞത്. കോടതി വിധി എതിരാണെങ്കില്‍ അതിനെതിരെ സര്‍ക്കാരോ വഖഫ് ബോര്‍ഡോ അപ്പീല്‍ പോയിട്ടുണ്ടോ? വഖഫ് ഭൂമി അന്യാധീനപ്പെട്ടുപോകാന്‍ പറ്റില്ല. അത് കേന്ദ്ര വഖഫ് നിയമം അനുസരിച്ചുള്ളതാണ്. ഒരുസെന്റ് ഭൂമി പോലും നഷ്ടപ്പെടാതിരിക്കാനുള്ള നടപടി എടുക്കണം. അതിന് ജാഗ്രത കാണിക്കണം.