ഭീകരവാദത്തിന് സ്ഥാനമില്ല; ഭീകരവാദ വിരുദ്ധ കോൺഫറൻസ് 2024 ന് അമിത് ഷാ തുടക്കം കുറിക്കും

0

ന്യൂഡൽഹി: ഭീകരവാദ വിരുദ്ധ കോൺഫറൻസ് 2024ൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നവംബർ 7ന് അഭിസംബോധന ചെയ്യും. ഡൽഹിയിൽ നടക്കുന്ന ദ്വിദിന പരിപാടി എൻഐഎയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഭീകരവാദത്തിന് തടയിടുന്നതിനും ഭീകരരുടെ വേരുകൾ പിഴുതെറിയുന്നതിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഭീകരവാദത്തിന് തടയിടൽ, വളർന്നുവരുന്ന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട അവസരങ്ങളും വെല്ലുവിളികളും, അന്താരാഷ്‌ട്ര നിയമ സഹകരണം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട വിവിധ വിഷയങ്ങളിലാണ് ദ്വിദിന സമ്മേളനത്തിലെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ഭീകരവാദ വിരുദ്ധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, നിയമ വിദഗ്ദർ, ഫോറൻസിക് ഉദ്യോഗസ്ഥർ, സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന വിദഗ്ധർ തുടങ്ങിയവർ കോൺഫറൻസിന്റെ ഭാഗമാകും.

Leave a Reply