ചിഹ്നം ഓട്ടോറിക്ഷ; മത്സരിക്കുന്നത് രാഹുലിനെതിരെ; കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി

0

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബ്ലോക്ക് ഭാരവാഹിയും മത്സരരംഗത്ത്. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറിയായ സെൽവൻ എസ് ആണ് സ്വതന്ത്രനായി രാഹുലിനെതിരെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഓട്ടോറിക്ഷ ചിഹ്നത്തിലാണ് സെൽവൻ ജനവിധി തേടുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. പി സരിൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേക്കേറിയാണ് കോൺഗ്രസ് നേതൃത്വത്തോട് പ്രതിഷേധം പ്രകടിപ്പിച്ചത്. ഹൈക്കമാൻഡ് സ്ഥാനാർത്ഥിയാണെന്നും ഭിന്നതയില്ലെന്നും നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും യാഥാർത്ഥ്യം അതല്ലെന്ന് തെളിയിക്കുന്നതാണ് സെൽവന്റെ സ്ഥാനാർത്ഥിത്വവും.

കഴിഞ്ഞ ദിവസം പിരായിരി മണ്ഡലം സെക്രട്ടറിയായ ബി ശശിയും വാർഡ് മെമ്പർ സിതാരയും കോൺഗ്രസിനെതിരെയും ഷാഫി പറമ്പിലിനെതിരെയും രംഗത്തെത്തിയിരുന്നു. ഷാഫിയുടെ ഏകാധിപത്യമാണ് കോൺഗ്രസ് നേതൃത്വം നടപ്പിലാക്കുന്നതെന്ന് ശശി ആരോപിച്ചു. വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിച്ചെന്നും കോൺഗ്രസിനായി ഇനി വോട്ട് ചോദിച്ചിറങ്ങില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ സെൽവന്റെ സ്ഥാനാർത്ഥിത്വവും പുറത്തുവരുന്നത്.

Leave a Reply