ഏറെ നാളായി കൂടെ കൊണ്ടുനടന്ന താടി വടിച്ച് സുരേഷ് ഗോപി; പുതിയ മാറ്റം ’ഒറ്റക്കൊമ്പനി’ൽ അഭിനയിക്കാൻ അനുവാദമില്ലാത്തതുകൊണ്ടോ ?

0

സിനിമ താരങ്ങൾ എപ്പോഴും അവരുടെ ലുക്കിൽ മാറ്റം വരുത്താറുണ്ട്. സിനിമകളിലെ കഥാപാത്രങ്ങൾക്ക് വേണ്ട രീതിയിൽ ആയിരിക്കും പലപ്പോഴും അവരവരുടെ ലുക്കിൽ മാറ്റം വരുത്തുക. അത്തരത്തിൽ ഒരു മാറ്റമാണ് സുരേഷ് ഗോപി ഇപ്പോൾ നടത്തിയിരിക്കുന്നത്. ഏറെ നാളായി കൂടെ കൊണ്ടുനടന്ന താടി വടിച്ച് പുതിയ ​ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിനിമകൾക്ക് വേണ്ടി ഗെറ്റപ്പ് മാറ്റുന്ന താരം ഇപ്പോൾ മാറ്റം വരുത്തിയത് ചിത്രം നടക്കാതെ വന്നതുകൊണ്ടാണ് എന്ന സംശയവും ഉയരുന്നുണ്ട്. താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകും എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. എന്നാൽ സിനിമയിൽ അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തിൽ നിന്നും ലഭിക്കാത്തതിനെത്തുടർന്ന് ഈ പ്രോജക്ട് താൽക്കാലികമായി നീട്ടി വച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്തായാലും വിന്റേജ് ലുക്കിൽ സുരേഷ് ഗോപിയെ കാണാനായി എന്നാണ് ആരാധകർ കൂടുതൽ പേരും കമന്റ് ചെയ്യുന്നത്.

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നു താരം തന്നെ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്നും അഭിനയിക്കാൻ അനുവാദം ലഭിക്കാത്തിനെ തുടർന്ന് സിനിമ ഇതുവരെയും തുടങ്ങാൻ സാധിച്ചിരുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സുരേഷ് ഗോപിക്ക് അഭിനയിക്കാൻ സാധിക്കില്ല എന്നു തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരിയും വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മനോരമ ഓൺലൈനിനോട് ആചാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘‘കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. അവധി എടുത്തുപോലും മറ്റു ജോലിക്ക് പോകാൻ പാടില്ല. സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മുഴുവൻസമയ ജോലിയായാണ് മന്ത്രിപദത്തെ കാണേണ്ടത്.’’ പി.ഡി.ടി. ആചാരിയുടെ വാക്കുകൾ.

എന്നാൽ താൻ സിനിമ ചെയ്യുമെന്നും കേന്ദ്രത്തിനോട് അനുവാദം ചോദിച്ചെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ മാസം മാധ്യമങ്ങളോട് പറഞ്ഞത്. ‘‘സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശീർവാദം ഉണ്ടാകണം. ഏതാണ്ട് 20, 22 സിനിമകളുടെ സ്ക്രിപ്റ്റ് ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു. 22 എണ്ണമെങ്കിലും ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ആ പേപ്പറ് കെട്ട് അങ്ങനെ അങ്ങ് എടുത്ത് സൈഡിലേക്ക് എറിഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ െസപ്റ്റംബർ ആറിന് ഇങ്ങോട്ടു പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയിൽ നിന്നുള്ള മൂന്നോ നാലോ പേർക്കൊരു ക്യാബിൻ ഞാനോ നിർമാതാവോ എടുത്ത് കൊടുക്കണം. ഇനി അതിന്റെ പേരില്‍ പറഞ്ഞയയ്ക്കുമെങ്കിൽ ഞാൻ രക്ഷപ്പെട്ടു. തൃശൂരുകാരെ എനിക്ക് കൂടുതൽ പരിഗണിക്കാൻപറ്റും. ഞാൻ ഇതൊന്നും ആഗ്രഹിച്ചതുമല്ല, മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവർ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടിവന്നു. ഞാൻ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്കു പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോകും.’ സുരേഷ് ഗോപി പറഞ്ഞു.

മാത്യു തോമസ് സംവിധാനം നിർവഹിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പൻ. 2020–ൽ പ്രഖ്യാപിച്ച ചിത്രം പിന്നീട് മുടങ്ങിപ്പോയിരുന്നു. 250–ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. തുടർന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ കടുവയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം കോടതി കയറി. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ക്യാമറ ഷാജികുമാർ. സംഗീത സംവിധാനം: ഹർഷവർധൻ രാമേശ്വർ. ഗാനരചന: അനിൽ ലാൽ. ‌

സുരേഷ് ഗോപിയെ കൂടാതെ ബിജു മേനോൻ, മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡിൽ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്.

Leave a Reply