തൃശൂർ: പൂരം വെടിക്കെട്ട് മുടങ്ങാതെ നടത്തിയതിൽ സിപിഐയ്‌ക്ക് വലിയ വിഷമമുണ്ടെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ കെ അനീഷ് കുമാർ. സിപിഐയ്‌ക്ക് ഇക്കാര്യത്തിൽ വലിയ വേദനയുണ്ട്. സുരേഷ് ഗോപിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പൂരം വെടിക്കെട്ട് നടത്താൻ സാധിച്ചത്. ആ വിരോധം തീർക്കാൻ വേണ്ടിയാണ് ഇപ്പോൾ കേസ് നൽകിയിരിക്കുന്നത്. പാർട്ടി നേതാക്കളെ പൂര കമ്മിറ്റിയുടെ ആളുകൾ ബന്ധപ്പെട്ട സമയത്ത്, അവരെല്ലാം മാളത്തിൽ ഒളിച്ച നേരത്താണ് സുരേഷ് ഗോപി വയ്യാതിരുന്നിട്ടും ആ സ്ഥലത്ത് വന്നത്.
പൂര കമ്മിറ്റിക്കാരുമായി ചർച്ച ചെയ്ത് പൂരം വെടിക്കെട്ട് നടത്താനുളള സാഹചര്യം ഉണ്ടാക്കി കൊടുത്ത സുരേഷ് ഗോപിയോട് സിപിഐയ്‌ക്കും സിപിഎമ്മിനും കടുത്ത വിരോധമുണ്ട്. ആ വിരോധത്തിൽ നിന്നാണ് ഈ പരാതി ഉണ്ടായിട്ടുളളതെന്ന് അനീഷ് കുമാർ പറഞ്ഞു. പരാതിയിൽ പറഞ്ഞിട്ടുളള കാര്യങ്ങൾ പോലും സത്യമല്ലെന്നും അനീഷ് കുമാർ ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപി അദ്ദേഹം താമസിച്ച നെട്ടിശ്ശേരിയിൽ നിന്ന് ആംബുലൻസിൽ വന്നു എന്നാണ് പരാതിയിൽ പറയുന്നത്. പക്ഷെ നെട്ടിശ്ശേരിയിൽ നിന്ന് അദ്ദേഹം കാറിലാണ് വന്നത്. സ്വരാജ് റൗണ്ടിൽ എത്തിയപ്പോൾ വാഹനം കടത്തിവിടില്ലെന്ന് പറഞ്ഞതുകൊണ്ടാണ് നടക്കാൻ വയ്യാത്തതിനാൽ ആംബുലൻസിൽ കയറി പോയത്. ദൃശ്യങ്ങളിൽ മറ്റുളളവരുടെ സഹായത്തോടെ സുരേഷ് ഗോപി നടക്കുന്നത് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.