തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നാണക്കേടിലാക്കി പൊലീസുകാർക്കുള്ള മെഡൽ വിതരണം. മലയാളഭാഷാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ ഗുരുതരമായ അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ മെഡലുകൾ തിരിച്ചുവാങ്ങിയേക്കുമെന്ന് റിപ്പോർട്ട്.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മെഡലുകൾ വിതരണം ചെയ്തത്. 264 പൊലീസുകാർക്ക് മെഡൽ സമ്മാനിക്കുന്നതായിരുന്നു ചടങ്ങ്. ഇതിനായി തിരുവനന്തപുരത്തെ ഭഗവതി സ്റ്റോറിൽ അച്ചടിച്ച മെഡലാണ് എത്തിച്ചത്. ചീഫ് സ്റ്റോറിൽ നിന്ന് SAPയിലേക്ക് കൊണ്ടുവന്ന മെഡലുകൾ മുഖ്യമന്ത്രി വിതരണം ചെയ്യുകയായിരുന്നു.
ചടങ്ങിന് പിന്നാലെ മെഡലിലെ അക്ഷരത്തെറ്റുകൾ ചർച്ചയായി. ഒന്നും രണ്ടുമല്ല, നിരവധി പിശകുകളാണ് മെഡലിൽ ഉണ്ടായിരുന്നത്. “കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡൻ” – എന്നായിരുന്നു മെഡലിൽ അച്ചടിച്ച വാക്കുകൾ. സംസ്ഥാന സർക്കാരിന് നാണക്കേടായതോടെ മെഡലുകൾ തിരിച്ചു വാങ്ങിയേക്കുമെന്നാണ് സൂചന.