വരുൺ ചക്രവർത്തിയെന്ന സ്പിന്നർ തീർത്ത ചക്രവ്യൂഹം കടന്ന് ദക്ഷിണാഫ്രിക്ക. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ പ്രോട്ടീസ് വിജയം എത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ പരമ്പരയിൽ ഒപ്പമെത്താനും അവർക്കായി. സ്പിന്നർമാരുടെ നിയന്ത്രണത്തിലാക്കിയ മത്സരം അവസാന നിമിഷം പേസർമാരാണ് കൈവിട്ടത്.
ഇന്ത്യയുയർത്തിയ 125 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റും ഒരോവറും ശേഷിക്കെയാണ് പ്രോട്ടീസ് മറികടന്നത്. കരിയറിലെ മികച്ച പ്രകടനവുമായി വരുൺ നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് എടുത്തപ്പോൾ. ദക്ഷിണാഫ്രിക്കൻ മുൻനിര ചീട്ടുക്കൊട്ടാരം പോലെ തകർന്നു.
തോൽവി മുന്നിൽ കണ്ട ദക്ഷിണാഫ്രിക്കയെ ജെറാൾഡ് കോട്സീ ട്രിസ്റ്റൺ സ്റ്റബ്സ് സഖ്യമാണ് വിജയ തീരം അടുപ്പിച്ചത്. ഒരു ഘട്ടത്തിൽ 86ന് 7 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ഇരുവരും ചേർന്ന് കൈപിടിച്ചുയർത്തുകയായിരുന്നു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 20 പന്തിൽ 42 റൺസ് ആണ് ചേർത്തത്.
റയാൻ റിക്കെൽട്ടൺ(13), റീസ ഹെൻഡ്രിക്സ്(24), എയ്ഡൻ മാർക്രം(3), മാർകോ യാൻസൻ(7), ഹെന്റിച്ച് ക്ലാസൻ(2), ഡേവിഡ് മില്ലർ(0), ആൻഡിലെ സിമെലനെ(7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.