പ്രശസ്ത നാടോടി ഗായിക ശാരദ സിൻഹ അന്തരിച്ചു. 72-ാം വയസിലാണ് വിയോഗം. പദ്മഭൂഷൺ ജേതാവായ ശാരദ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം എയിംസിൽ പ്രവേശിപ്പിച്ച അവരുടെ ജീവൻ, ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. മജ്ജയെ ബാധിക്കുന്ന അർബുദത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 9.30-നായിരുന്നു മരണം.
2017ലാണ് രോഗബാധ കണ്ടെത്തിയത്. ശാരദ സിൻഹയുടെ മകനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ആഴ്ചകൾക്ക് മുമ്പ് സിൻഹയുടെ ഭർത്താവ് ബ്രജ് കിഷോർ സിൻഹ മരിച്ചിരുന്നു. മൈഥിലി, ഭോജ്പുരി, മഗാഹി എന്നീ ഭാഷകളിൽ പാടുന്ന ശാരദ സിൻഹയെ ബിഹാർ കോകില എന്നാണ് വിളിച്ചിരുന്നത്.
ഛത്ത് ഉത്സവത്തിനായുള്ള അവരുടെ ഗാനങ്ങൾ എക്കാലത്തെയും പ്രിയപ്പെട്ടവയാണ്. ബോളിവുഡ് സിനിമകൾക്കായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1991ൽ പത്മശ്രീയും സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിരുന്നു.